ന്യൂഡല്‍ഹി: മുന്‍കൂട്ടി ബുക്ക് ചെയ്ത സീറ്റ് മറ്റൊരാള്‍ കൈവശപ്പെടുത്തിയതിനെ തുടര്‍ന്ന് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന്‍ നല്‍കിയ പരാതിയില്‍ റെയില്‍വെ 75,000 രൂപ നല്‍കാന്‍ ഡല്‍ഹി ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്.
2013 മാര്‍ച്ച് 30 ന് ദക്ഷിണ്‍ എക്‌സ്പ്രസില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കെത്തിയ വി വിജയകുമാറിനാണ് റെയില്‍വെ നഷ്ടപരിഹാരം നല്‍കേണ്ടത്.
വിശാഖപട്ടണത്ത് നിന്ന് ന്യൂഡല്‍ഹിയിലേക്കാണ് ഇയാള്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. മധ്യപ്രദേശിലെ ബിന സ്റ്റേഷനിലെത്തിയപ്പോള്‍ ഒരു സംഘമാളുകള്‍ കോച്ചില്‍ കയറുകയും വിജയകുമാറിന്റെ സീറ്റ് കൈവശപ്പെടുത്തുകയുമായിരുന്നു. പരാതിപ്പെടാന്‍ ടിടിഇയെ അന്വേഷിച്ചെങ്കിലും ഉത്തരവാദപ്പെട്ട ആരെയും കണ്ടില്ലെന്നാണ് വിജയകുമാര്‍ പരാതിയില്‍ പറയുന്നത്.
നഷ്ടപരിഹാരമായി നല്‍കേണ്ട 75,000 രൂപയില്‍ മൂന്നിലൊന്ന് തുക ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിയുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കണം. റിസര്‍വ് ചെയ്ത ആള്‍ക്ക് തന്നെ സീറ്റ് ലഭ്യമാക്കാത്തതിനാണ് ടിടിയില്‍ നിന്നും പിഴയീടാക്കാന്‍ വിധിച്ചത്.