ലീഗ് എന്നും സമസ്തയുമായി യോജിച്ച് പോകും, സമസ്തയുടെ മസ്തിഷ്‌കം ലീഗിനൊപ്പം; സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്: ലീഗ്-സമസ്ത തര്‍ക്കത്തില്‍ പിഎംഎ സലാമിനെ പിന്തുണച്ച് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സലാമിനെതിരെ ആരും പരാതി നല്‍കിയിട്ടില്ല. പിഎംഎ സലാം പറഞ്ഞത് തട്ടം വിവാദത്തിനുള്ള മറുപടി. സമസ്തയെ ഉദ്ദേശിച്ചല്ലെന്ന് പിഎംഎ സലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. സമസ്തയുടെ മസ്തിഷ്‌കം ലീഗിനൊപ്പമാണ് എന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം സ്ത്രീകള്‍ തട്ടമിടണോ വേണ്ടയോ തീരുമാനിക്കുന്നത് മുസ്ലിം സ്ത്രീകളാണ്. അത് പാരമ്പര്യമാണ്. പുരോഗമനത്തിന്റെ പേരില്‍ അതിനെ വിമര്‍ശിക്കാന്‍ ആര്‍ക്കും അധികാരമില്ല. ആരേയും വ്യക്തിപരമായി ഉദ്ദേശിച്ചല്ല പറഞ്ഞതെന്ന് സലാം പാര്‍ട്ടിയോട് പറഞ്ഞു. ജിഫ്രി തങ്ങളെ ഉദ്ദേശിച്ചില്ല താന്‍ സംസാരിച്ചതെന്നും സലാം പറഞ്ഞു.

സമസ്തയുടെ നേതാക്കള്‍ ആരും ഇക്കാര്യത്തില്‍ മുസ്ലിം ലീഗിനെ സമീപിക്കുകയോ, വിമര്‍ശിക്കുകയോ ചെയ്തിട്ടില്ല. ഫോണിലൂടെ ബന്ധപ്പെട്ടപ്പോഴൊന്നും ഈ വിഷയം സംസാരിച്ചിട്ടില്ല. കത്ത് വാര്‍ത്താമാധ്യമങ്ങളിലൂടെയാണ് വായിച്ചത്. കത്ത് നേരിട്ട് കൊണ്ടുവന്ന് തരണം. എന്നാല്‍ അതുണ്ടായില്ല. പത്രക്കാര്‍ക്ക് കൊടുത്ത കത്തിന് മറുപടി പറയാന്‍ പറ്റില്ല. പാര്‍ട്ടിക്ക് അതിനൊന്നും സമയമില്ല എന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

സമസ്തയുടെ മസ്തിഷ്‌കം ലീഗിനൊപ്പമാണ്. ലീഗ് എന്നും സമസ്തയുമായി യോജിച്ച് പോകും. തലയിരിക്കുമ്പോള്‍ വാലാടുന്നത് ശരിയല്ല. സമസ്തയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിട്ടില്ല. പോസിറ്റീവായ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നും വിവാദങ്ങളിലൂടെ സഞ്ചരിച്ചിട്ട് ആര്‍ക്ക് എന്ത് നേട്ടമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. ഖുദ്‌സിന്റെ മോചനമാണ് വിഷയമെന്ന് പലസ്തീന്‍ ഇസ്രയേല്‍ യുദ്ധത്തില്‍ സാദിഖലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു.

Top