ഡല്‍ഹി: വിവാഹസമയത്ത് വരന്‍ എത്തിയില്ല തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സമൂഹ വിവാഹ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ സഹോദരനെ വിവാഹം ചെയ്ത് യുവതി. ഉത്തര്‍പ്രദേശിലാണ് സംഭവം. മുഖ്യമന്ത്രിയുടെ പദ്ധതിയിലൂടെ ലഭിക്കുന്ന ധനസഹായം കൈക്കലാക്കാനായി ഇത്തരത്തിലുള്ള വ്യാജവിവാഹങ്ങള്‍ സംസ്ഥാനത്ത് പതിവാണ്. മാര്‍ച്ച് അഞ്ചിന് ലഖിംപുരില്‍ നടന്ന സമൂഹവിവാഹച്ചടങ്ങിലാണ് തട്ടിപ്പ് നടന്നത്. വരന്‍ രമേശ് യാദവ് സമയത്തിനെത്താത്തതിനെ തുടര്‍ന്ന് വധു പ്രീതി യാദവിനെ ചില ഇടനിലക്കാരാണ് സഹോദരന്‍ കൃഷ്ണയെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചത്. 51,000 രൂപയുടെ ധനസഹായത്തിനായി ഇരുവരും സമൂഹ വിവാഹച്ചടങ്ങില്‍ രജിസ്ടര്‍ ചെയ്യുകയായിരുന്നു.
സംഭവം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണത്തിന് ഉത്തരവാകുകയും സഹോദരങ്ങള്‍ക്കെതിരെ കേസ് രജിസ്ടര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ വില്ലേജ് ഡിവലെപ്മെന്റ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കൂടാതെ സഹാദരങ്ങളുടെ വിവാഹാനുബന്ധരേഖകള്‍ പരിശോധിച്ച ഉദ്യാഗസ്ഥനെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്. പദ്ധതിപ്രകാരം വിവാഹിതരാകുന്ന പങ്കാളികള്‍ക്ക് 51, 000 രൂപ ധനസഹായമായി നല്‍കും. വധുവിന്റെ അക്കൗണ്ടിലേക്ക് 35,000 രൂപയും വരന്റെ അക്കൗണ്ടിലേക്ക് 10,000 രൂപയുമാണ് നല്‍കുന്നത്. വിവാഹച്ചടങ്ങിനായി 6,000 രൂപയും നല്‍കും.
ജനുവരിയില്‍ ബല്ലിയയില്‍ നടന്ന സമൂഹവിവാഹച്ചടങ്ങില്‍ അനര്‍ഹരായ 240 പേരാണ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്തത്. ക്രമക്കേടുകള്‍ അന്വേഷിക്കുന്നതിനായി 20 ഓളം സംഘങ്ങളെ നിയോഗിക്കുകയും വീടുകള്‍തോറും കയറിയിറങ്ങി അന്വേഷണം നടത്തുകയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ 15 പേര്‍ അറസ്റ്റിലാകുകയും ചെയ്തിരുന്നു. വിവാഹം രജിസ്ടര്‍ ചെയ്യുന്ന ദമ്പതിമാരുടെ വിവരങ്ങള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ തടയാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനസര്‍ക്കാര്‍. വിവാഹസര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങിനോടൊപ്പം തന്നെ നല്‍കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.