ദുബായ്: വിവാഹം കഴിഞ്ഞ് പതിനഞ്ചു മിനിട്ടിനുള്ളില്‍ വരന്‍ വധുവിനെ ഉപേക്ഷിച്ചു. ദുബായിലായിരുന്നു സംഭവം നടന്നത്. വരന്‍ നല്‍കുന്ന പണത്തിന് പെണ്‍കുട്ടിയുടെ പിതാവ് തിരക്കുകൂട്ടിയതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം.
വിവാഹ കരാര്‍ പ്രകാരം വരന്‍ ഒരുലക്ഷം ദിര്‍ഹം പെണ്‍കുട്ടിയുടെ പിതാവിന് നല്‍കണം. കരാര്‍ ഒപ്പിട്ടപ്പോള്‍ത്തന്നെ പകുതി തുക നല്‍കി. വിവാഹം കഴിഞ്ഞാലുടന്‍ ബാക്കി പണം നല്‍കുമെന്ന് മറ്റൊരു കരാറും ഉണ്ടാക്കി. രണ്ടുകൂട്ടരുടെയും ബന്ധുക്കളും പ്രാദേശിക ഭരണകൂടത്തിലെ ചിലരും സാക്ഷികളായിരുന്നു.
വിവാഹം കഴിഞ്ഞ് വധൂവരന്മാര്‍ പുറത്തേക്കിറങ്ങവെ പെണ്‍കുട്ടിയുടെ അച്ഛന്‍ വരനോട് ബാക്കി പണം ചോദിച്ചു. പണംനിറച്ച പെട്ടി കാറില്‍ ഇരിക്കുകയാണെന്നും അഞ്ചുമിനിട്ടിനുള്ളില്‍ എടുത്തുതരാമെന്നും വരന്‍ പറഞ്ഞെങ്കിലും അയാള്‍ക്ക് തൃപ്തിയായില്ല. വീണ്ടും പണം ചോദിച്ചു. അല്പസമയം ക്ഷമിക്കണമെന്ന് വരനും ബന്ധുക്കളും അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ആരെയെങ്കിലും അയച്ച് പണമെടുത്തുകൊണ്ടുവരണമെന്ന് അയാള്‍ വാശിപിടിച്ചു. മറ്റുള്ളവരുടെ മുന്നില്‍ അപമാനിതനായതോടെ വരന്‍ വിവാഹബന്ധം വേണ്ടെന്നുവയ്ക്കുകയായിരുന്നു. ഇത്രയും അത്യാഗ്രഹിയായ ഒരാളുടെ കുടുംബവുമായുള്ള ബന്ധം ശരിയാവില്ലെന്നായിരുന്നു വരന്റെ നിലപാട്. രണ്ടുകൂട്ടരുടെയും ബന്ധുക്കളും ഇടപെട്ടെങ്കിലും നിലപാട് മാറ്റാന്‍ അയാള്‍ തയ്യാറായില്ല.