ബഫർസോൺ; പരാതികള്‍ അറിയിക്കാന്‍ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍


തിരുവനന്തപുരം: പരാതികള്‍ അറിയിക്കാന്‍ പുതിയ ഭൂപടം മാനദണ്ഡമാക്കണമെന്ന് സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് നിര്‍ദേശം. 2021ല്‍ കേന്ദ്രത്തിന് നല്‍കിയ സീറോ ബഫര്‍സോണ്‍ ഭൂപടം ഉടന്‍ പുറത്തുവിടും. നടപടികള്‍ വേഗത്തിലാക്കാനും പഞ്ചായത്തുകളോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. തദ്ദേശ, വനം, റവന്യൂ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ആയാണ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ചേര്‍ന്നത്. പഞ്ചായത്ത് തലത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും നിര്‍ദേശമുണ്ട്.

അതേസമയം ബഫര്‍ സോണുമായി ബന്ധപ്പെട്ട ഉപഗ്രഹ സര്‍വേയില്‍ സര്‍ക്കാരിന് ഇപ്പോഴും ആശയക്കുഴപ്പമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. സര്‍ക്കാരിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും ഫലമാണ് ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സുപ്രീംകോടതിയോട് കുറച്ച് സമയം കൂടി ചോദിക്കണം. പത്തോ പതിനഞ്ചോ സമയം കൊണ്ട് നേരിട്ടുള്ള സര്‍വേ നടത്താന്‍ സാധിക്കുമെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Top