ഉദ്ഘാടനം ചെയ്ത് ഒരാഴ്ചക്കുളിൽ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ തകർന്നു

യു.പി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത് ഒരാഴ്ച തികയുന്നതിനിടെ ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേയുടെ ഒരു ഭാഗം തകർന്നതായി റിപ്പോർട്ട്. ജൂലൈ 16നാണ് ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. 296 കിലോമീറ്റർ നാലുവരി അതിവേഗ പാതയാണിത്. റോഡിലെ ഒരുഭാഗത്തെ ടാറുകൾ ഒലിച്ചു പോവുകയും ആഴത്തിലുള്ള കുഴികൾ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. സേലംപൂരിനടുത്തുള്ള ചില മേഖലയിൽവെച്ച് വാഹനാപകടങ്ങൾ ഉണ്ടായതായും ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എക്‌സ്പ്രസ് വേയുടെ വീഡിയോ പങ്കുവെച്ച് രംഗത്തെത്തി. ഏകദേശം ഒന്നരയടി താഴ്ചയിൽ ഹൈവേയുടെ ചില ഭാഗങ്ങൾ കുഴിച്ചിട്ടിരിക്കുന്നതായി അദ്ദേഹം വീഡിയോ പങ്കുവെച്ച് കുറിച്ചു. ‘ബിജെപിയുടെ വികസനത്തിന്റെ ഗുണനിലവാരത്തിന്റെ ഉദാഹരണമാണിത്. ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ ‘വലിയ ആളുകൾ’ ഉദ്ഘാടനം ചെയ്തു. ഒരാഴ്ചയ്ക്കുള്ളിൽ അതിലുള്ള വലിയ അഴിമതികൾ പുറത്തുവന്നു’ അഖിലേഷ് യാദവ് ട്വിറ്ററിൽ കുറിച്ചു. പിന്നാലെ ആംആദ്മി പാർട്ടി നേതാക്കളും വിമർശനവുമായെത്തി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും പ്രധാനമന്ത്രിയേയും വിമർശിക്കുകയും ചെയ്തു.

Top