ദുബായ്: ബ്രിട്ടീഷ് ദേശീയ പതാകയുടെ നിറമണിഞ്ഞ് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ.
ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റർ അരീനയിൽ 22 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ബ്രിട്ടന് ഐക്യദാർഡ്യം പ്രകടിപ്പിച്ചാണ് ബുർജ് ഖലീഫ നിറംമാറിയത്.
ബ്രിട്ടീഷ് ദേശീയ പതാകയുടെ നിറം എൽഇഡി വെളിച്ചമുപയോഗിച്ച് പതിപ്പിക്കുകയാണ് ചെയ്തത്. മറ്റു രാജ്യങ്ങളുടെ വിശേഷ ദിവസങ്ങളിൽ ബുർജ് ഖലീഫ അതാത് രാജ്യത്തിന്റെ ദേശീയ പതാകയുടെ നിറങ്ങളണിയാറുണ്ടെങ്കിലും ദുരന്തത്തിൽ ആ രാജ്യത്തോട് ഐക്യദാർഡ്യം പ്രകടിപ്പിച്ച് ദേശീയ പതാകയുടെ നിറമണിയുന്നത് അപൂർവമാണ്.
ദുബായ് ഷെയ്ഖ് സായിദ് റോഡിനടുത്തെ ഡൗൺടൗണിൽ സ്ഥിതി ചെയ്യുന്ന ലോക വിനോദ സഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ ബുർജ് ഖലീഫയ്ക്ക് 828 മീറ്റർ(2,716.5 അടി) ഉയരമാണുള്ളത്. 200ലേറെ നിലകളുണ്ട്. ഇതിൽ 160 നിലകളിലും ആളുകൾ താമസിക്കുന്നു.