കേരളം ഇനി ആര് ഭരിക്കണമെന്ന് ഉപതിരഞ്ഞെടുപ്പ് വിധി തീരുമാനിക്കും

സംസ്ഥാന രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് നവംബറില്‍ നടക്കാനിരിക്കുന്നത്. ചവറയും കുട്ടനാടും കേവലമൊരു ഉപതിരഞ്ഞെടുപ്പ് വേദിയല്ല. പടക്കളമാണ്. കോവിഡ് പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ നിര്‍ണ്ണായകമാകുന്ന തിരഞ്ഞെടുപ്പ് കൂടിയാണിത്. ചവറയില്‍ മുന്‍ മന്ത്രി ഷിബു ബേബി ജോണ്‍ തന്നെയാകും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. ആര്‍.എസ്.പിക്ക് വിട്ടു കൊടുത്ത ഈ സീറ്റിന് കോണ്‍ഗ്രസ്സ് അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയും വളരെ കുറവാണ്. ഷിബുവാണ് എതിരാളിയെങ്കില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ സി.പി.എം കണ്ടെത്തേണ്ടി വരും. വട്ടിയൂര്‍ക്കാവ് മണ്ഡലം വി.കെ പ്രശാന്തിനെ ഇറക്കി പിടിച്ചെടുത്തത് പോലുള്ള ഒരു പരീക്ഷണമാണ് ചവറയിലും സിപിഎമ്മിന് അഭികാമ്യം. അതല്ലെങ്കില്‍ ഈ മണ്ഡലം തന്നെ കൈവിട്ടുപോകും.

കുട്ടനാട്ടിലെയും സ്ഥിതി ഇതു തന്നെയാണ്. ഇടതുപക്ഷത്തിന്റെ കൈവശമുള്ള ഈ രണ്ട് സീറ്റുകളില്‍ ഒന്ന് നഷ്ടമായാല്‍ പോലും അത് യു.ഡി.എഫിനാണ് ഏറെ ഗുണം ചെയ്യുക. 2021 ലെ അവരുടെ പ്രതീക്ഷകള്‍ക്കാണ് ഇത്തരം വിജയങ്ങള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക. പ്രായോഗികമായ രാഷ്ട്രീയ നിലപാടാണ് ചവറയിലും കുട്ടനാട്ടിലും സി.പി.എം സ്വീകരിക്കേണ്ടത്. ആ പാര്‍ട്ടിയുടെ അണികള്‍ പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇപ്പോള്‍ കുട്ടനാട്ടില്‍ സംഭവിച്ചിരിക്കുന്നത് നേര്‍ വിപരീതമായ നടപടിയാണ്. എന്‍.സി.പിക്ക് വീണ്ടും കുട്ടനാട് മത്സരിക്കാന്‍ വിട്ടുകൊടുത്തത് ആത്മഹത്യാപരമാണ്. തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസാണ് സ്ഥാനാര്‍ത്ഥിയെന്നാണ് മന്ത്രി എ.കെ ശശീന്ദ്രന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഏത് മുന്നണിയില്‍ ആലോചിച്ചിട്ടാണെന്നതിന് മന്ത്രി തന്നെയാണ് ഇനി മറുപടി പറയേണ്ടത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷത്തോട് ആലോചിക്കാതെയാണ് ധൃതി പിടിച്ച ഈ നീക്കം എന്‍.സി.പി നടത്തിയിരിക്കുന്നത്. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ നിന്നാല്‍ പോലും ജയിക്കാന്‍ ശേഷി ഇല്ലാത്ത പാര്‍ട്ടിക്ക് മന്ത്രി സ്ഥാനവും എം.എല്‍.എ സ്ഥാനവും കൊടുത്ത സി.പി.എം നേതൃത്വവും ഇതിനു മറുപടി പറയേണ്ടതുണ്ട്.

സി.പി.എം കോട്ടയില്‍ നിന്നാണ് എ.കെ ശശീന്ദ്രന്‍ നിയമസഭയിലെത്തിയത്. ഒറ്റക്ക് മത്സരിച്ചാല്‍ വാര്‍ഡില്‍ പോലും ജയിക്കാത്ത ഇയാളെ മന്ത്രിയാക്കിയത് തന്നെ വലിയ അബദ്ധമാണ്. ‘പൂച്ച’ ഫോണ്‍ വിളിയില്‍ മന്ത്രിയുടെ ‘പൂച്ച് ‘ഒരിക്കല്‍ പുറത്തായതുമാണ്. യുവതി പരാതിയുമായി മുന്നോട്ട് പോകാതിരുന്നത് കൊണ്ടു മാത്രമാണ് ഇപ്പോഴും ശശീന്ദ്രന്‍ മന്ത്രി കസേരയിലിരിക്കുന്നത്. ഇതൊന്നും രാഷ്ട്രീയ കേരളം മറന്നിട്ടില്ലെന്നത് എ.കെ ശശീന്ദ്രന്‍ ഓര്‍ക്കുന്നത് നല്ലതാണ്. പാലായില്‍ മാണി സി കാപ്പന്‍ ജയിച്ചതും കുട്ടനാട്ടില്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ കഴിയുന്നതും സി.പി.എമ്മിന്റെ വോട്ടുകള്‍ കൊണ്ട് മാത്രമാണ്. ഇക്കാര്യം എന്‍.സി.പി നേതാക്കളും ഓര്‍ക്കുന്നത് നല്ലതാണ്. മൂന്ന് എം.എല്‍.എമാരും ഒരു മന്ത്രി സ്ഥാനവും നല്‍കാന്‍ തക്ക ഒരു ശക്തിയും കേരളത്തില്‍ എന്‍.സി.പിക്ക് നിലവിലില്ല. കോണ്‍ഗ്രസ്സിനും ശിവസേനക്കും ഒപ്പം മഹാരാഷ്ട്രയില്‍ ഭരണം നടത്തുന്ന പാര്‍ട്ടികൂടിയാണ് എന്‍.സി.പി. അന്നേ തന്നെ ഈ പാര്‍ട്ടിയെ ഇടതുപക്ഷം പുറത്താക്കണമായിരുന്നു. ഇക്കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതും വലിയ വീഴ്ചയാണ്. അതുകൊണ്ടാണ് ഇടതുപക്ഷം ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

ജോസ് കെ മാണി വിഭാഗത്തെ മുന്നണിയിലെടുത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിരുന്നെങ്കില്‍ അത് കുട്ടനാട്ടില്‍ ഇടതുപക്ഷത്തിന് വലിയ മേധാവിത്വം തന്നെ നല്‍കുമായിരുന്നു. ഇത്തരമൊരു നീക്കം സി.പി.എം നടത്തുന്നതിന് മുന്‍പാണ് മന്ത്രി ശശീന്ദ്രന്‍ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. എന്‍.സി.പി സംസ്ഥാന പ്രസിഡന്റിന് തന്നെ ഈ പ്രഖ്യാപനത്തില്‍ കടുത്ത അതൃപ്തിയുമുണ്ട്. ശശീന്ദ്രന് മറ്റെന്തോ താല്‍പര്യമുണ്ടെന്ന വിമര്‍ശനവും ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. യു.ഡി.എഫിലെ ഭിന്നതയില്‍ പ്രതിക്ഷയര്‍പ്പിച്ച ഇടതുപക്ഷത്തിന് ഈ വിവാദങ്ങളെല്ലാം വലിയ വെല്ലുവിളിയാണ്. ജനമധ്യത്തിലാണ് അപഹാസ്യരാവുന്നത്. നിര്‍ണ്ണായക രാഷ്ട്രീയ സാഹചര്യത്തില്‍ എന്തു കൊണ്ട് പാര്‍ട്ടി ശക്തമായ നിലപാട് സ്വീകരിക്കുന്നില്ല എന്നത് സി.പി.എം അണികളെയും ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്. ഇനിയും പ്രായോഗിക നിലപാട് സി.പി.എം സ്വീകരിച്ചില്ലങ്കില്‍ രണ്ട് മണ്ഡലങ്ങളും നഷ്ടമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

ഭരണ വിരുദ്ധ വികാരമാണ് യു.ഡി.എഫ് ഉപതിരഞ്ഞെടുപ്പില്‍ ലക്ഷ്യമിടുന്നത്. എന്‍.സി.പി മത്സരിച്ചാല്‍ ഇടതു വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാകുമെന്നാണ് അവരുടെ കണക്കു കൂട്ടല്‍. ബി.ജെ.പിയാകട്ടെ ഉള്ള വോട്ടുകള്‍ നിലനിര്‍ത്താനുള്ള നെട്ടോട്ടത്തിലുമാണ്. ബി.ഡി.ജെ.എസിന് സീറ്റ് വീണ്ടും നല്‍കിയാല്‍ കുട്ടനാട്ടില്‍ ബി.ജെ.പി വോട്ട് ബാങ്കിലും വലിയ ചോര്‍ച്ചയുണ്ടാകും. ക്രൈംബ്രാഞ്ച് കേസില്‍ പെട്ട് കിടക്കുന്ന വെള്ളാപ്പള്ളിയും ഇപ്പോള്‍ ധര്‍മ്മസങ്കടത്തിലായിട്ടുണ്ട്. എസ്.എന്‍.ഡി.പി യോഗം ഇടതുപക്ഷത്തെ പിന്തുണച്ചില്ലെങ്കില്‍ അത് വെള്ളാപ്പള്ളിയ്ക്കാണ് പിന്നീട് വിനയാകുക. എന്‍.ഡി.എയെ കൈവിട്ടാല്‍ ബി.ജെ.പിയുടെ കോപത്തിനാണ് ഇരയാകുക. മകന്‍ എന്‍.ഡി.എയില്‍ ഉള്ളത് കൊണ്ടു മാത്രമാണ് കേന്ദ്ര ഏജന്‍സികള്‍ വെള്ളാപ്പള്ളിക്കെതിരെ പിടിമുറുക്കാതിരിക്കുന്നത്. ഈ നിലപാട് എന്നും കേന്ദ്രം അങ്ങനെ തന്നെ തുടരണമെന്നുമില്ല.

ബി.ഡി.ജെ.എസ് വിമതന്‍ സുഭാഷ് വാസു ഇപ്പോഴും സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നത് ആര്‍.എസ്.എസ് ഇടപെട്ടതിനാലാണ്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ വലിയ വിഭാഗത്തിനും തുഷാര്‍ വെള്ളാപ്പള്ളിയോട് താല്‍പ്പര്യമില്ല. എന്‍.ഡി.എക്ക് ബാധ്യതയാണിപ്പോള്‍ ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടി. ഇത് ശരിക്കും തിരിച്ചറിയുന്ന വ്യക്തിയാണ് വെള്ളാപ്പള്ളി. 2021ല്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നതിനാല്‍ കോണ്‍ഗ്രസ്സിനെ ശത്രുവാക്കുന്നതും വെള്ളാപ്പള്ളിയെ സംബന്ധിച്ച് വലിയ റിസ്‌ക്കാണ്. ഇതെല്ലാം പരിഗണിച്ച് ഉപതിരഞ്ഞെടുപ്പില്‍ സമദൂര നിലപാട് സ്വീകരിക്കണമെന്നതാണ് വെള്ളാപ്പള്ളിക്ക് ലഭിച്ചിരിക്കുന്ന ഉപദേശം. അതിന് അദ്ദേഹം തയ്യാറായില്ലെങ്കില്‍ വലിയ വില തന്നെയാണ് നല്‍കേണ്ടിവരിക. എന്‍.എസ്.എസും ഉപതിരഞ്ഞെടുപ്പില്‍ സമദൂരം സ്വീകരിക്കാനാണ് ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സുകുമാരന്‍ നായരുടെ നിലപാടായിരിക്കും നിര്‍ണ്ണായകമാകുക.

Top