വനിതാ ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭയുടെ പച്ചക്കൊടി

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് വിഭജിച്ചു കൊണ്ട് വനിതാ ശിശുവികസന വകുപ്പ് രൂപവത്കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ വനിതാ ശിശുവികസന വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും.

സാമൂഹ്യനീതി വകുപ്പ് മുന്‍ ഡയറക്ടര്‍ വി.എന്‍. ജിതേന്ദ്രനെ വനിതാ ശിശുവികസന വകുപ്പ് രൂപവത്കരിക്കുന്നതിനെക്കുറിച്ച് പഠിക്കാനായി നിയോഗിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പിന്റെ നിര്‍മ്മാണം.

വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, ജെന്‍ഡര്‍ പാര്‍ക്ക്, നിര്‍ഭയ പദ്ധതി, ശിശുക്ഷേമ സമിതി, അങ്കണവാടി ക്ഷേമനിധി ബോര്‍ഡ്, അഗതി മന്ദിരങ്ങള്‍, ജെന്‍ഡര്‍ ഓഡിറ്റിംഗ്‌, മറ്റ് വകുപ്പുകളിലെ സ്ത്രീകളുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഏകോപനം എന്നിവയും പുതിയ വകുപ്പിന്റെ കീഴിലായിരിക്കും വരിക.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, ലിംഗവിവേചനത്തില്‍ നിന്നും അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം, വികസന പ്രവര്‍ത്തനത്തില്‍ തുല്യ പങ്കാളിത്തം എന്നിവ മുന്‍നിറുത്തിയാണ് പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്.

ഡയറക്ടര്‍, 14 ജില്ലാ ഓഫീസര്‍മാര്‍, ലോ ഓഫീസര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എന്നിവയ്ക്ക് പുറമെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയുളള സപ്പോര്‍ട്ടിങ്ങ് സ്റ്റാഫിനെയും ആവശ്യമായ തസ്തികയിലേക്ക് നിയമിക്കും. ജില്ലാതലത്തിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ മറ്റ് വകുപ്പുകളില്‍ നിന്നാവും തെരഞ്ഞെടുക്കുക.

വനിതാ ശിശുവികസന വകുപ്പ് എല്‍ഡിഎഫ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.

Top