കൊച്ചി ; വിഴിഞ്ഞം കരാര്‍ സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് ഗൗരവതരമെന്ന് ഹൈക്കോടതി.
കരാര്‍ കേരളത്തിന്റെ ഭാവിയെ ബാധിക്കില്ലേയെന്നും കോടതി ചോദിച്ചു. സിഎജി റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ കരാറിലെ പല വ്യവസ്ഥകളും സംസ്ഥാന താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നായിരുന്നു സിഎജി റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം.
പൊതു, സ്വകാര്യ പദ്ധതികളിലെ നിര്‍മാണ, നടത്തിപ്പു കാലാവധി 30 വര്‍ഷമായി സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിഴിഞ്ഞം കരാറില്‍ 40 വര്‍ഷമാക്കി ഉയര്‍ത്തി. ഇതുമൂലം, കരാറുകാരായ അദാനി പോര്‍ട്‌സിന് 29,217 കോടി രൂപയുടെ അധിക വരുമാനം ലഭിക്കും.
10 വര്‍ഷത്തിനു പകരം 20 വര്‍ഷം കൂടി കാലാവധി അനുവദിക്കാമെന്ന വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപയുടെ അധിക വരുമാനം കരാറുകാര്‍ക്കു കിട്ടുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
വിഴിഞ്ഞം തുറമുഖം കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമാണ് ലഭിക്കുകയെന്നും കോടതി ചോദിച്ചു.