ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിംഗ് സേവനങ്ങളില്‍ ഗുരുതര പ്രശ്‌നങ്ങളെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഡിറ്റ് റിപ്പോര്‍ട്ട്.
അനുയോജ്യമല്ലാത്ത ഭക്ഷ്യ വസ്തുക്കള്‍, മലിനമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍, റീസൈക്കിള്‍ഡ് ഫുഡ്സ്റ്റഫ്, അനധികൃത ബ്രാന്‍ഡുകളുടെ വെള്ളം കുപ്പി വിതരണം തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കൂടാതെ, ട്രെയിനുകളില്‍ ശുചിത്വം നിലനിര്‍ത്തുന്നില്ലെന്നും, മൊബൈല്‍ യൂണിറ്റുകളില്‍ ഭക്ഷണതൊഴിലാളികള്‍ ബില്ലുകള്‍ നല്‍കുന്നില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു. റെയില്‍വേയുടെ കാറ്ററിങ് പോളിസിയില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും ഓഡിറ്റ് കണ്ടെത്തിയിട്ടുണ്ട്.
74 സ്റ്റേഷനുകളിലും 80 ട്രെയിനുകളിലുമാണ് സി.എ.ജി സംഘത്തിന്റെയും റെയില്‍വേയുടെയും സംയുക്ത പരിശോധന നടന്നത്. സ്റ്റേഷനുകളിലും ട്രെയിനുകളിലും കാറ്ററിങ് യൂണിറ്റുകളിലും വൃത്തിയും വെടിപ്പുമില്ലെന്ന് പരിശോധനയില്‍ ഓഡിറ്റ് ശ്രദ്ധയില്‍പ്പെടുത്തി.
പൈപ്പില്‍ നിന്നും നേരിട്ടെത്തുന്ന ശുചിത്വമില്ലാത്ത വെള്ളത്തില്‍ നിന്നാണ് പാനീയങ്ങള്‍ ഉണ്ടാക്കുന്നതെന്നും, ഈച്ചകളും പ്രാണികളും പൊടിയും വീഴുന്നതുപോലെ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തുറന്നു വെച്ചിരിക്കുകയായിരുന്നെന്നും, ട്രെയിനിനുള്ളില്‍ എലികളും പാറ്റകളും ഓടിക്കളിക്കുന്നുണ്ടായിരുന്നു എന്നും ഓഡിറ്റ് പ്രത്യേകം നിരീക്ഷിച്ചിട്ടുണ്ട്.
വീണാ വിഷ്ണു