തിരുവനന്തപുരം ; മസാല ബോണ്ട് വഴി കിഫ്ബി ധനസമാഹരണം നടത്തിയത് ഭരണഘടനാ വിരുദ്ധമെന്ന കാര്യം കരട് റിപ്പോർട്ടിൽ സിഎജി സർക്കാരിനെ അറിയിച്ചിരുന്നെന്ന് സൂചന. ധനവകുപ്പ് ഇതിന് മറുപടി നൽകുകയും ചെയ്തു. ഇക്കാര്യം സർക്കാരിനെ അറിയിക്കാതെ സിഎജി അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തി എന്നായിരുന്നു ധനമന്ത്രി തോമസ് ഐസക് പറയുന്നത്. എന്നാൽ ധനമന്ത്രിയുടെ വാദം ശരിയല്ലെന്ന എന്നും വിവരമാണ് ലഭിക്കുന്നത്. മസാല ബോണ്ട് വഴി പണം സമാഹരിച്ചത് ഭരണഘടനാ വിരുദ്ധമാണെന്ന കാര്യം അന്തിമ റിപ്പോർട്ട് തയാറാക്കും മുൻപ് തന്നെ സിഎജി ധനവകുപ്പിനെ അറിയിച്ചിരുന്നു എന്നും റിപ്പോർട്ടിന് അന്തിമ രൂപം നൽകും മുമ്പ് സിഎജി ധനവകുപ്പിലെ ഉദ്യോഗസ്ഥരുമായി പലതവണ ചർച്ച നടത്തിയിരുന്നു എന്നും സിഎജി അറിയിച്ചു.
ഇതേത്തുടർന്ന് തിരുവനന്തപുരത്തെ സിഎജി ഒഫിസിൽ റിപ്പോർട്ട് തിരുത്തി. ഇതിന്റെ പകർപ്പ് ധനവകുപ്പിന് അയച്ചു കൊടുത്തു. സർക്കാരിന്റെ കടമെടുപ്പു പരിധി കോർപറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ബാധകമല്ലെന്ന് ധനവകുപ്പ് മറുപടിയും നൽകി. എന്നാൽ, കിഫ്ബിക്കെതിരായ ഗുരുതര പരാമർശങ്ങളോടെ തന്നെ അന്തിമ റിപ്പോർട്ട് ധനസെക്രട്ടറിക്ക് സിഎജി അയച്ചുകൊടുക്കുകയായിരുന്നു. ഇക്കാര്യങ്ങളാണ് തോമസ് ഐസക് ഇപ്പോൾ നിഷേധിക്കുന്നത്.