വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിന്റെ പുറത്തുള്ള ഗേറ്റിലേക്ക് കാര്‍ ഇടിച്ചുകയറി. തിങ്കളാഴ്ച വൈകുന്നേരം പ്രാദേശിക സമയം ആറ് മണിയേടെയായിരുന്നു സംഭവമെന്ന് സീക്രട്ട് സര്‍വീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണത്തിനായി കാര്‍ ഓടിച്ച ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് ഡൗണ്‍ ടൗണ്‍ വാഷിംഗ്ടണ്‍ ഡിസി ഏരിയയിലെ വൈറ്റ് ഹൗസിന് സമീപമുള്ള റോഡുകള്‍ അടച്ചു.
വാഷിംഗ്ടണ്‍ ഡിസി പോലീസ് വൈറ്റ് ഹൗസിന് സമീപത്തു നിന്ന് വാഹനം നീക്കം ചെയ്തു. യുഎസ് സീക്രട്ട് സര്‍വീസ് ചീഫ് ഓഫ് കമ്മ്യൂണിക്കേഷന്‍സ് ആന്റണി ഗുഗ്ലിയല്‍മി സംഭവത്തെകുറിച്ച് വിശദീകരിച്ചുകൊണ്ട് എക്‌സില്‍ കുറിച്ചതിങ്ങനെ, ‘വൈകിട്ട് ആറ് മണിയോടെ ഒരു വാഹനം വൈറ്റ് ഹൗസ് സമുച്ചയത്തിന്റെ പുറം ഗേറ്റുമായി കൂട്ടിയിടിച്ചു. ഡ്രൈവറെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഇടിച്ചുകയറിയതിന്റെ കാരണവും രീതിയും ഞങ്ങള്‍ അന്വേഷിക്കുകയാണ്’.അതേസമയം വൈറ്റ് ഹൗസ് ഗേറ്റിലേക്ക് വാഹനം ഇടിച്ചുകയറിയ വീഴ്ത്തിയ സംഭവവും ഇതാദ്യമല്ല. സമാനമായ സംഭവങ്ങളില്‍ നേരത്തെയും ഏതാനും വ്യക്തികളെ പല സമയങ്ങളിലായി സീക്രട്ട് സര്‍വീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവസമയത്ത് പ്രസിഡന്റ് ജോ ബൈഡന്‍ വാഷിം?ഗ്ടണ്‍ ഡിസിയില്‍ ഉണ്ടായിരുന്നില്ല. സൗത്ത് കരോലിനയില്‍ നിന്ന് ടെക്‌സസിലേക്കുള്ള യാത്രയിലായിരുന്നു അദ്ദേഹം. കാറിടിച്ചു കയറിയ സംഭവം റോഡ് അപകടമാണോ അതല്ല ഏതെങ്കിലും തരത്തിലുള്ള ആക്രമണമാണോ എന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വൈറ്റ് ഹൗസിന് സമീപമുള്ള ഫിഫ്റ്റീത് സ്ട്രീറ്റിലും പെന്‍സില്‍വാനിയ അവന്യൂവിലും ഗതാ?ഗത തടസവുമുണ്ടായി.