രണ്ടാമൂഴം തിരക്കഥയെ ചൊല്ലി എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരും സംവിധായകന്‍ വി എ ശ്രീകുമാറും തമ്മിലുള്ള കേസ് തീര്‍പ്പാക്കി സുപ്രീംകോടതി. ഒത്തുതീര്‍പ്പ് കരാര്‍ കോടതി അംഗീകരിച്ചു. രണ്ടാംമൂഴം തിരക്കഥ എംടിക്ക് തന്നെ തിരിച്ചുനല്‍കും, ശ്രീകുമാര്‍ മേനോന്‍ നല്‍കിയ അഡ്വാന്‍സ് തുക 1.25 കോടി എംടിയും തിരിച്ചുനല്‍കും, കോടതികളിലുള്ള കേസുകള്‍ ഇരുവരും പിന്‍വലിക്കും എന്നിവയാണ് ഒത്തുതീര്‍പ്പ് വ്യവസ്ഥ.
കഥയ്ക്കും തിരക്കഥയ്ക്കും പൂര്‍ണ അവകാശം എംടിക്കായിരിക്കും. വി എ ശ്രീകുമാര്‍ രണ്ടാമൂഴം ആസ്പദമാക്കി സിനിമ ചെയ്യാന്‍ പാടില്ല. എന്നാല്‍ മഹാഭാരതത്തെക്കുറിച്ച് സിനിമ ചെയ്യാം. ഭീമന്‍ കേന്ദ്ര കഥാപാത്രം ആകാന്‍ പാടില്ലെന്ന് മാത്രം. തര്‍ക്കം പരിഹരിച്ച് ഒത്തുതീര്‍പ്പ് കരാറില്‍ ഒപ്പുവെച്ചതായി അറിയിച്ച് ശ്രീകുമാര്‍ മേനോന്‍ കേസ് പിന്‍വലിക്കാന്‍ കോടതിയുടെ അനുമതി തേടുകയായിരുന്നു. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ കോടതിയാണ് കേസ് പരിഗണിച്ചത്.
സിനിമയുമായി ബന്ധപ്പെട്ട് എംടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. കരാര്‍ പ്രകാരം മൂന്ന് വര്‍ഷത്തിനകം സിനിമയുടെ ചിത്രീകരണം തുടങ്ങണമെന്ന ധാരണ തെറ്റിച്ച് നാലു വര്‍ഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെ എം ടി വാസുദേവന്‍ നായര്‍ സംവിധായകനും നിര്‍മാതാക്കള്‍ക്കുമെതിരെ കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സുപ്രീംകോടതിയിലും ഹര്‍ജി നല്‍കിയിരുന്നു.