കൊച്ചി: കുസാറ്റിലെ നാല് പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിലേക്ക് നയിച്ചത് മഴ പെയ്തപ്പോള്‍ ഉണ്ടായ തള്ളിക്കയറ്റമാണെന്ന് എഡിജിപി എം.ആര്‍ അജിത് കുമാര്‍. കേസില്‍ ലഭിച്ച പ്രാഥമിക വിവരം ഇതാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ച വിദ്യാര്‍ത്ഥികള്‍ തന്നെയാണ് വളണ്ടിയര്‍മാരായിരുന്നത്. ഗാനമേളയിലേക്ക് പ്രവേശനം നിയന്ത്രിച്ച് അടച്ച ഗേറ്റിലേക്ക് മഴ പെയ്തപ്പോള്‍ ആളുകള്‍ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമെന്നും എഡിജിപി പറഞ്ഞു.
പുറകില്‍ നിന്നുള്ള തള്ളലില്‍ മുന്നിലുണ്ടായിരുന്നവര്‍ പടികളിലേക്ക് വീണു. ഇവരെ ചവിട്ടി പിന്നിലുണ്ടായവരും വീണു. വീണവര്‍ക്ക് ചവിട്ടേറ്റു. മുന്നില്‍ ആളുകള്‍ വീണ് കിടപ്പുണ്ടെന്ന് പിന്നിലുണ്ടായിരുന്നവര്‍ അറിഞ്ഞിരുന്നില്ല. ഫ്രീക്ക് ആക്‌സിഡന്റാണിത്. ഇങ്ങനെയൊന്ന് ഇവിടെ സംഭവിക്കേണ്ടതേ ആയിരുന്നില്ല. പ്രവേശനം നിയന്ത്രിക്കാന്‍ ഗേറ്റ് അടച്ചതാണ് പ്രശ്‌നമായത്. 1000 മുതല്‍ 1500 പേരെ വരെ ഉള്‍ക്കൊള്ളാനാവുന്ന ഓഡിറ്റോറിയത്തിനകത്ത് മുഴുവനായും ആളുകള്‍ ഉണ്ടായിരുന്നില്ല. പരിപാടി നടക്കുന്ന വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്ന് പറഞ്ഞ എഡിജിപി സംഭവം നടക്കുമ്പോള്‍ പൊലീസുകാര്‍ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നും പറഞ്ഞു.
കുസാറ്റിലെ സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ എല്ലാ വര്‍ഷവും നടത്തുന്ന ആര്‍ട്‌സ് ഫെസ്റ്റിന്റെ ഭാഗമായാണ് ഗാനമേള നടത്തിയത്. എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി നടത്തിയ പരിപാടിയിലേക്ക് വരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരേ പോലുള്ള ടീ ഷര്‍ട്ട് നല്‍കിയിരുന്നു. ഇത് ധരിച്ച് വരുന്നവര്‍ക്ക് മാത്രമായിരുന്നു പരിപാടിയിലേക്ക് പ്രവേശനം. ഓരോ ബാച്ച് വിദ്യാര്‍ത്ഥികളെയായി ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഗാനമേള ആരംഭിച്ചിരുന്നില്ല. ഈ സമയത്താണ് മഴ പെയ്തത്. പിന്നാലെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം കാത്ത് നിന്ന വിദ്യാര്‍ത്ഥികള്‍ തിക്കിത്തിരക്കി. ഈ സമയത്ത് ഇവര്‍ക്ക് മുന്നില്‍ പടികളില്‍ നില്‍ക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ മറിഞ്ഞുവീണു. ഇവര്‍ക്ക് മുകളിലേക്ക് പിന്നിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളും വീണു. തിരക്കിനിടയില്‍ വീണുപോയ വിദ്യാര്‍ത്ഥികള്‍ക്ക് ചവിട്ടേല്‍ക്കുകയായിരുന്നു.
രണ്ട് ദിവസമായി നടന്നുവന്നിരുന്ന ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെയായിരുന്നു അപകടം നടന്നത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പി, വടക്കന്‍ പറവൂര്‍ സ്വദേശി ആന്‍ റുഫ്ത, താമരശേരി കോരങ്ങാട് സ്വദേശി സാറാ തോമസ് എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള 3 പേരെ കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നും ആസ്റ്റര്‍ മെഡിസിറ്റിയില്‍ എത്തിച്ചു.