വിജയാഘോഷത്തിന് മാറ്റ് കൂടുന്നു; നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ശരിവെച്ച് അര്‍ജുന്‍

ചെന്നൈ: തമിഴ് ചിത്രം ‘ലിയോ’യുടെ വിജയാഘോഷത്തില്‍ നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ തരംഗമായി. ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പ്രൗഢഗംഭീരമായ വിജയാഘോഷച്ചടങ്ങിനിടെ, ‘ലിയോ’യില്‍ വില്ലന്‍ വേഷം അവതരിപ്പിച്ച സൂപ്പര്‍താരം അര്‍ജുനാണ് വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് വീണ്ടും സൂചന നല്‍കിയത്. വിജയ് വേദിയിലിരിക്കെ അദ്ദേഹം രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന്, അര്‍ജുന്‍ പ്രഖ്യാപിച്ചു.

ഒക്ടോബര്‍ 17ന് റിലീസ് ചെയ്ത ‘ലിയോ’ 600 കോടി ക്ലബ്ബിലേക്ക് അടുക്കുമ്പോഴാണ്, വിജയിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചര്‍ച്ചയാകുന്നത്.
”കുട്ടിക്കാലം മുതല്‍ വിജയിനെ ശ്രദ്ധിക്കുന്നതാണ്. വളരെ നാണംകുണുങ്ങിയായ ഒരു മനുഷ്യന്‍. പക്ഷേ ഇന്ന് തമിഴ് സിനിമയെ എന്നല്ല, ഇന്ത്യന്‍ സിനിമയെത്തന്നെ വിസ്മയിപ്പിക്കുന്ന തലത്തിലേക്ക് അദ്ദേഹം വളര്‍ന്നിരിക്കുന്നു. എന്നും ലാളിത്യം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് വിജയ്. നടന്‍മാരില്‍ ശിവാജി ഗണേശനു ശേഷം ഇത്രയും സമയനിഷ്ഠ പുലര്‍ത്തുന്ന മറ്റൊരാളില്ല.

പൊതുവെ നിശബ്ദനായി കാണപ്പെടുന്ന വിജയ് പ്രതികരിക്കണമെന്നു തോന്നുമ്പോഴെല്ലാം പ്രതികരിച്ചിട്ടുണ്ട്. അദ്ദേഹം ഉടന്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കും. ജനത്തിനായി നന്മ ചെയ്യണമെന്ന ആഗ്രഹവും അതിനുള്ള മനസ്സുമാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ഏറ്റവും അത്യാവശ്യം. വിജയ്ക്ക് അതുണ്ട്” – ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കും കരഘോഷത്തിനുമിടെ അര്‍ജുന്‍ പറഞ്ഞു.

വിജയ് അടുത്തിടെ ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം ജില്ലാ – മണ്ഡലം ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ പ്രവേശന അഭ്യൂഹങ്ങള്‍ ശക്തമാക്കിയിരുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങുകയാണെങ്കില്‍ അഭിനയം പൂര്‍ണമായും ഉപേക്ഷിക്കുമെന്നു വിജയ് അറിയിച്ചതായി യോഗത്തില്‍ പങ്കെടുത്തവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിജയ്യുടെ ഏതു തീരുമാനത്തിനും പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചായിരുന്നു യോഗം പിരിഞ്ഞത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മൂന്നൂറോളം പേര്‍ പങ്കെടുത്ത യോഗത്തില്‍ യുവ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ എന്ത് ചെയ്യണമെന്നും ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Top