വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കാനുള്ള നിര്‍ദ്ദേശവുമായി കേന്ദ്രം

media

ന്യൂഡല്‍ഹി:വ്യാജവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് വാര്‍ത്തയുടെ ആവൃത്തി അനുസരിച്ച് താല്‍ക്കാലികമായോ, സ്ഥായിയായോ അംഗീകാരം നഷ്ടപ്പെടാം.

മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തെന്ന് പരാതി ഉയര്‍ന്നാലാണ് സര്‍ക്കാര്‍ നടപടി കൈക്കൊള്ളുക. പരാതി ലഭിച്ച ഉടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ എന്നിവര്‍ക്ക് പരാതി സര്‍ക്കാര്‍ കൈമാറി ഉപദേശം തേടും.15 ദിവസത്തിനുള്ളില്‍ പരാതി പരിശാധിച്ച് വാര്‍ത്തകള്‍ വ്യാജമാണോ അല്ലയോ എന്ന് ഈ രണ്ട് ഏജന്‍സികള്‍ തീരുമാനമെടുക്കും.

വ്യാജവാര്‍ത്തകള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റ കടിഞ്ഞാണിടല്‍. എന്നാല്‍ എന്താണ് വ്യാജ വാര്‍ത്ത എന്നതിനെ സംബന്ധിച്ചുള്ള നിര്‍വചനം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടില്ല.

ഒരു തവണ അംഗീകാരം റദ്ദാക്കിയ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പിന്നീടൊരിക്കല്‍ പരാതി ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്കായിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണ കൂടി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടും. മാധ്യമപ്രവര്‍ത്തനത്തിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെ കടിഞ്ഞാണിടാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമത്തെ പ്രസ് ക്‌ളബ് ഒഫ് ഇന്ത്യ അപലപിച്ചു.

അതേസമയം, ഡിജിറ്റല്‍ മാധ്യമങ്ങളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുസംബന്ധിച്ച് ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്ന് വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.

Top