കോഴിക്കോട്-കോയമ്പത്തൂര്‍ ഗ്രീന്‍ഫീല്‍ഡ് പാതയ്ക്ക് കേന്ദ്രം അനുകൂല നിലപാടറിയിച്ചു

ന്യൂഡല്‍ഹി: കോഴിക്കോട്ടുനിന്ന് പാലക്കാട് വഴി കോയമ്പത്തൂരിലേക്ക് പുതിയ ഗ്രീന്‍ ഫീല്‍ഡ് പാത നിര്‍മിക്കുന്നതു സംബന്ധിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയില്‍നിന്ന് ഉറപ്പ് ലഭിച്ചതായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. കോഴിക്കോട്- മൈസൂര്‍ ബദല്‍ പാതക്കുള്ള നിര്‍ദ്ദേശവും കേന്ദ്രം പരിഗണിക്കും. സംസ്ഥാനസര്‍ക്കാര്‍ സഹകരിച്ചാല്‍ നടപടികള്‍ ഇക്കാര്യങ്ങളില്‍ വേഗത്തിലുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായി വി. മുരളീധരന്‍ അറിയിച്ചു.

ഗ്രീന്‍ഫീല്‍ഡ് ദേശീയ പാതയുമായിബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെ വിശദമായ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നാണ് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി ഉറപ്പ് നല്‍കിയത്. ഭൂമി ഏറ്റെടുക്കല്‍, ഭൂമി വില എന്നിവയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സമഗ്രനിര്‍ദ്ദേശം ഉണ്ടാവണം. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനും മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികളുമാണ്  നിതിന്‍ ഗഡ്കരിയുമായി കുടിക്കാഴ്ചനടത്തിയത്.

വയനാടിന്റെ നിലവിലെ യാത്രക്കുരുക്ക് ഒഴിവാക്കാനാണ് കോഴിക്കോട്- മൈസൂര്‍ ബദല്‍ പാത നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. വനഭൂമി ഏറ്റെടുക്കാതെയുള്ള പാത നിര്‍മ്മാണത്തിന് കേന്ദ്രത്തിന് അനുകൂല നിലപാടാണ്. കൊയിലാണ്ടി, മാഹി, തലശ്ശേരി ബൈപാസുകളുടെയും കോഴിക്കോട് ബൈപാസിന്റെയും നിര്‍മ്മാണ നടപടി ത്വരിതപ്പെടുത്തും. തിരുവനന്തപുരം ദേശീയപാതയില്‍ കോവളത്ത് അണ്ടര്‍ പാസ് നിര്‍മ്മാണത്തിന്റെ കാര്യത്തിലും കേന്ദ്രനടപടിയുണ്ടാകുമെന്ന് മന്ത്രി വി മുരളീധരന്‍ അറിയിച്ചു.

കന്യാകുമാരി- ബോംബെ എന്‍.എച്ച് 66 പാതക്ക് 25000 കോടി നേരത്തെ അനുവദിച്ചിരുന്നു. കേരളത്തിന് ഏറെ പ്രയോജനകരമായ ഈ പാതയുടെ നിര്‍മ്മാണനടപടി വേഗത്തിലാക്കാന്‍ കേന്ദ്ര നടപടിയുണ്ടാവും.

Top