കോഴിക്കോട്: കോണ്‍ഗ്രസ് സംഘടിപ്പിച്ച ഡി.ജി.പി. ഓഫീസ് മാര്‍ച്ചിനുനേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. കെ. മുരളീധരന്‍ എം.പി., ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച പരാതിയെ തുടര്‍ന്നാണ് നടപടി. 15 ദിവസത്തിനകം വിശദീകരണം സ്പീക്കര്‍ക്ക് കൈമാറണമെന്നാണ് നിര്‍ദേശം.
ഡിസംബര്‍ 23-ന് തിരുവനന്തപുരത്ത് കെ.പി.സി.സി. നടത്തിയ മാര്‍ച്ചിനുനേരെയാണ് പോലീസ് അക്രമം ഉണ്ടായത്. വിഷയത്തില്‍ ഡിസംബര്‍ 28-നാണ് കെ. മുരളീധരന്‍, താനടക്കമുള്ള ജനപ്രതിനിധികള്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമങ്ങള്‍ ചൂണ്ടിക്കാണിച്ച് കത്തയച്ചത്. സമാധാനപരമായി പുരോഗമിച്ച ഡി.ജി.പി ഓഫീസ് മാര്‍ച്ചിനിടെ നേതാക്കളടക്കം ഉണ്ടായിരുന്ന വേദിയിലേക്ക് കണ്ണീര്‍ വാതക ഷെല്‍ എറിഞ്ഞ് പോലീസ് പ്രകോപനമുണ്ടാക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും ഉപയോഗിച്ചത്. പിന്നാലെ കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട നേതാക്കളെ അടക്കം പ്രതി ചേര്‍ത്ത് ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണിത്. കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെ ഒന്നാം പ്രതിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ രണ്ടാംപ്രതിയും ആക്കിയാണ് മ്യൂസിയം പോലീസ് കേസെടുത്തത്. രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ അടക്കമുള്ളവരും കണ്ടാലറിയാവുന്ന അഞ്ഞൂറോളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരേയും കേസില്‍ പ്രതിചേര്‍ത്തിരുന്നു.