കടമെടുപ്പ് പരിധിയില്‍ കേരളവുമായി വീണ്ടും ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം

ഡല്‍ഹി: കടമെടുപ്പ് പരിധിയില്‍ കേരളവുമായി വീണ്ടും ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്രം. സംസ്ഥാനവുമായി ചര്‍ച്ചയ്ക്ക് വീണ്ടും തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെ വി തോമസ് അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും കെ.വി തോമസ് പറഞ്ഞു. ഇന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമിത് ഖരെയുമായി കെ.വി തോമസ് കൂടിക്കാഴ്ച്ച നടത്തിയിരുന്നു. കൂടിക്കാഴ്ച്ചക്ക് ശേഷമാണ് കെവി തോമസ് ഇക്കാര്യം അറിയിച്ചത്. സില്‍വര്‍ ലൈന്‍ ഡി പിആറില്‍ കേന്ദ്ര പ്രതികരണം അറിയിക്കാമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ, കടമെടുപ്പ് പരിധിയില്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം കേന്ദ്രവും കേരളവും നടത്തിയ ചര്‍ച്ച പരാജയമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അറിയിച്ചിരുന്നു. കേരളം ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി കുറച്ചതിനെതിരെ കേരളം കേസ് കൊടുത്തതില്‍ കേന്ദ്രം അതൃപ്തിയിലാണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തതില്‍ നിന്നും വ്യക്തമായത്. കേരളം സുപ്രീംകോടതിയില്‍ കേസ് നല്‍കിയത് ചര്‍ച്ചയില്‍ ധനവകുപ്പ് ഉദ്യോഗസ്ഥര്‍ പലതവണ ചൂണ്ടിക്കാട്ടിയെന്നും കേസ് സുപ്രീം കോടതിയില്‍ നില്‍ക്കുകയാണെന്നും ധനമന്ത്രി പറഞ്ഞിരുന്നു. ചര്‍ച്ച എവിടെയുമെത്താതെ നില്‍ക്കുമ്പോഴാണ് വീണ്ടുമൊരു ചര്‍ച്ചക്ക് വഴിയൊരുങ്ങുന്നത്.

ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കേന്ദ്ര ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി ദില്ലിയില്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പങ്കെടുത്തിരുന്നില്ല. ധനകാര്യ സെക്രട്ടറി, സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പെടെ ചര്‍ച്ചയില്‍ കേന്ദ്രത്തിനായി പങ്കെടുത്തിരുന്നു. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമാണ് വിഷയത്തില്‍ ഇരു വിഭാഗവും ചര്‍ച്ച നടത്തിയത്. ചര്‍ച്ചയുടെ പുരോഗതി കേന്ദ്രവും കേരളവും സുപ്രീം കോടതിയെ അറിയിക്കുകയും ചെയ്തു.

Top