ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലില്‍ പ്രതിഷേധിച്ച എംപിമാര്‍ ഖേദം പ്രകടിപ്പിച്ചാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. കാര്‍ഷിക ബില്ലില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ തയാറാണെന്നും കേന്ദ്രം അറിയിച്ചു. 110 പേര്‍ കേന്ദ്രത്തെ പിന്തുണച്ചെന്നും 75 പേര്‍ മാത്രമാണ് ബില്ലിനെതിരെയുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി.
അതേസമയം, കാര്‍ഷികബില്ലിനെതിരേയുള്ള പ്രതിഷേധത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭ നടപടികള്‍ സംയുക്തമായി ബഹിഷ്‌കരിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദാണ് രാജ്യസഭാ അധ്യക്ഷനെ തീരുമാനം അറിയിച്ചത്.
കേരളത്തില്‍ നിന്നുള്ള എളമരം കരീം, കെ.കെ. രാഗേഷ് (സിപിഎം) എന്നിവര്‍ക്കുപുറമേ ഡെറിക് ഒബ്രിയന്‍, ഡോല സെന്‍ (തൃണമൂല്‍ കോണ്‍ഗ്രസ്), സഞ്ജയ് സിംഗ് (ആം ആദ്മി പാര്‍ട്ടി), രാജീവ് സത്തവ്, സയ്യദ് നാസിര്‍ ഹുസൈന്‍, റിപുന്‍ ബോറന്‍ (കോണ്‍ഗ്രസ്) എന്നിവരെയാണ് വര്‍ഷകാല സമ്മേളനം തീരുന്നതുവരെ സസ്പെന്‍ഡ് ചെയ്തത്.