രാജ്യത്തെ ജനംസംഖ്യയില്‍ പകുതിയോളം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ 18 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ 50 ശതമാനത്തിനും ആദ്യ ഡോസ് വാക്‌സിന്‍ നല്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് വാക്‌സിനേഷനുകളുടെ ആകെ എണ്ണം 61 കോടി പിന്നിട്ടതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

നിലവില്‍ രാജ്യത്ത് 47.3 കോടി ആളുകള്‍ ഒരു ഡോസും 13 കോടി പേര്‍ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചു. ആരോഗ്യമന്ത്രി മനസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് മൂന്നാം തരംഗമുണ്ടായാല്‍ പിടിച്ചുനില്‍ക്കാനായി ഇന്ത്യ കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലാക്കിയിട്ടുണ്ട്.

ആദ്യത്തെ പത്ത് കോടി ഡോസ് വാക്‌സിനേഷന് 85 ദിവസങ്ങളെടുത്തുവെങ്കില്‍ അവസാന പത്ത് കോടി ഡോസിന് വേണ്ടിവന്നത് വെറും 19 ദിവസം മാത്രമാണ്. ആരോഗ്യപ്രവര്‍ത്തകരില്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ 99 ശതമാനവും കോവിഡ് മുന്നണി പോരാളികളില്‍ ഇത് 100 ശതമാനവുമാണ്.

ഓഗസ്റ്റ് മാസത്തില്‍ പ്രതിദിനം ശരാശരി 52.16 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് വാക്‌സിന്‍ നല്‍കുന്നത്. ജൂണില്‍ ഇത് 39.38 ലക്ഷവും ജൂലായില്‍ 43.41 ലക്ഷവുമായിരുന്നു. ഒക്ടോബറോടെ രാജ്യത്തെ വാക്‌സിന്‍ വിതരണം കൂടുതല്‍ വേഗത്തിലാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്.

Top