കേരളത്തിലെ എട്ടു ജില്ലകളില്‍ കൂടുതല്‍ ജാഗ്രത നല്‍കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരണ നിരക്കില്‍ വര്‍ധനവുള്ള എട്ടു ജില്ലകളുടെ കാര്യത്തില്‍ ആശങ്ക അറിയിച്ചു ചീഫ് സെക്രട്ടറിക്കു കേന്ദ്രം കത്തയച്ചു. ജൂണ്‍ 21 – 27 കാലയളവില്‍ 10 ശതമാനത്തിനു മുകളില്‍ ടിപിആര്‍ രേഖപ്പെടുത്തിയ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം അറിയിച്ചു.

രോഗവ്യാപനം കുറയ്ക്കാന്‍ കര്‍ശന നടപടി വേണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തില്‍ ചൂണ്ടിക്കാട്ടി. ഈ ജില്ലകളിലെ ആര്‍ടിപിസിആര്‍, ആന്റിജന്‍ പരിശോധനയുടെ തോതും കത്തില്‍ പ്രത്യേകം ചേര്‍ത്തിട്ടുണ്ട്.

ജില്ലാതലത്തിലെ പ്രതിരോധ പ്രവര്‍ത്തനം, കേസുകള്‍ കണ്ടെത്താനുള്ള ഊര്‍ജിത നടപടി, ബ്ലോക്ക് തല ഘടകങ്ങള്‍, ഫലപ്രദമായ നിരീക്ഷണ സംവിധാനം, ഉടനടി ആശുപത്രിയിലാക്കുന്നതിനും ഐസലേഷനുമുള്ള സജ്ജീകരണം, അടിയന്തര സേവനങ്ങള്‍ തുടങ്ങിയവ ഉറപ്പാക്കണമെന്ന് കത്തില്‍ നിര്‍ദേശിക്കുന്നു.

Top