രൂപയുടെ വില കുത്തനെ ഇടിയുന്നത് തുടരുന്നു; ഡോളറിന് 70.32

മുംബൈ:രൂപയുടെ വില കുത്തനെ ഇടിയുന്നത് തുടരുന്നു. ഡോളറിന് 70.32 എന്ന നിരക്കിലാണ് നിലവില്‍ വ്യാപാരം നടക്കുന്നത്. 43 പൈസയുടെ ഇടിവാണ് ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഉണ്ടായത്. വരും ദിവസങ്ങളിലും വിലയിടിവ് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. തുര്‍ക്കിയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ അലൂമിനിയം, സ്റ്റീല്‍ ഇറക്കുമതിക്ക് യുഎസ് നികുതി വര്‍ധിപ്പിച്ചതും രൂപയെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്.

ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഡോളറിനെതിരെ 69.89 എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മറ്റ് രാജ്യങ്ങളിലെയും കറന്‍സിയുടെ മൂല്യം ഇടിയുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല എന്നാണ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഒരു ഡോളര്‍ ലഭിക്കാന്‍ 80 രൂപ നല്‍കേണ്ടി വന്നാലും സാമ്പത്തിക അടിത്തറയ്ക്ക് ഇളക്കം ഉണ്ടാവില്ലെന്നായിരുന്നു ധനകാര്യമന്ത്രാലയം വ്യക്തമാക്കിയത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ കറന്‍സി വളരെ ഭദ്രമാണെന്നും സൂചിപ്പിച്ചിരുന്നു.

അതേസമയം രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന പെട്രോളിയം , ഇലക്ട്രോണിക്സ്, മറ്റ് സാധനങ്ങളുടെ വിലയില്‍ വലിയ വര്‍ധനവ് ഉണ്ടാകുന്നുണ്ട്. രൂപയുടെ വിലയിടിവ് തുടരുന്നത് പണപ്പെരുപ്പം വര്‍ധിപ്പിക്കുകയും, ഇത് ആവശ്യസാധനങ്ങളുടെ വില വര്‍ധിക്കുന്നതിന് കാരണമാവുകയും ചെയ്യുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. തുര്‍ക്കി-യുഎസ് വ്യാപാരബന്ധം വഷളായതും , സ്വിസ് ബാങ്ക് നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ചൈനീസ് സര്‍ക്കാര്‍ തീരുമാനിച്ചതുമാണ് ഇന്ത്യയുള്‍പ്പെടുന്ന വികസിച്ചു കൊണ്ടിരിക്കുന്ന രാജ്യങ്ങളിലെ നിലവിലെ പ്രതിസന്ധിക്ക് കാരണമായി കണക്കാക്കുന്നത്.

Top