ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ 23,123 കോടിയുടെ അടിയന്തര പാക്കേജ് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. കേന്ദ്ര മന്ത്രിസഭയുടെ പുനഃസംഘടനയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഫാര്‍മേഴ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടിലേക്ക് ആത്മനിര്‍ദര്‍ ഭാരതത്തിന് കീഴില്‍ അനുവദിച്ച ഒരു ലക്ഷം കോടി രൂപ എപിഎംസികള്‍ക്ക് ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
കോവിഡ് പ്രതിരോധത്തിനായി 23,123 കോടി രൂപയുടെ പാക്കേജാണ് നടപ്പാക്കുക. ഒന്‍പത് മാസത്തിനുള്ളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഈ ഫണ്ട് വിനിയോഗിക്കും. 23,123 കോടിയുടെ അടിയന്തര പാക്കേജില്‍ 15000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വിഹിതം. 8000 കോടി സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണമെന്നാണ് കേന്ദ്ര തീരുമാനം. ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനാണ് പണം പ്രധാനമായും ചെലവഴിക്കുക.
നാളികേര വികസന ബോര്‍ഡ് പുനഃസംഘടിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉദ്യോഗസ്ഥ തലത്തിലുള്ള ആളായിരിക്കില്ല ബോര്‍ഡ് പ്രസിഡന്റ്. തെങ്ങ് കൃഷിയെക്കുറിച്ച് പ്രായോഗിക അറിവും ധാരണയുമുള്ള ആളെയായിരിക്കും പ്രസിഡന്റാക്കുക. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കര്‍ഷകരുടെ കൂട്ടായ്മകള്‍ രൂപീകരിക്കുമെന്നും കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി.
കൂടാതെ കര്‍ഷകര്‍ക്ക് ഒരു ലക്ഷം കോടി രൂപയുടെ സഹായം നല്‍കുമെന്ന് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി. അതേ സമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കഴിയില്ലെന്ന് കൃഷിമന്ത്രി ആവര്‍ത്തിച്ചു. ക്യാബിനറ്റ് യോഗത്തിന് ശേഷം എല്ലാ മന്ത്രിമാരും പങ്കെടുത്ത കൗണ്‍സില്‍ ഓഫ് മിനിസ്‌റ്റേഴ്‌സ് യോഗവും ചേര്‍ന്നു.