സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ശക്തമായ നടപടി സ്വീകരണക്കമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം കുറ്റകൃത്യങ്ങളില്‍ പരാതി ലഭിച്ചാലുടന്‍ കേസ് രജിസ്റ്റര്‍ ചെയ്യണം. രണ്ടു മാസത്തിനുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കണം. ഇക്കാര്യങ്ങളില്‍ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് അയച്ച മൂന്ന് പേജുള്ള നിര്‍ദേശങ്ങളില്‍ അറിയിച്ചു.
മറ്റു സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായം വേണമെങ്കില്‍ അതും തേടാവുന്നതാണ്. തെളിവു ശേഖരണത്തില്‍ കൃത്യവും ശാസ്ത്രീയവുമായ മാനദണ്ഡങ്ങള്‍ പാലിക്കണം. അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം പ്രതികള്‍ രക്ഷപ്പെടുന്ന അവസ്ഥ ഉണ്ടാകരുത്. നിയമത്തിന്റെ പഴുതുകളിലൂടെ പ്രതി രക്ഷപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണം.
ബലാത്സംഗം, അതിക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ വിവരം ലഭിച്ചാല്‍ 24 മണിക്കൂറിനകം ഇരകളെ വൈദ്യപരിശോധനക്ക് വിധേയരാക്കുകയും മെഡിക്കല്‍ റിപ്പോര്‍ട്ട് തേടേണ്ടതുമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമ പരാതികളിലെ നടപടികള്‍ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് മേലധികാരികള്‍ ഉറപ്പുവരുത്തേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്തില്‍ വ്യക്തമാക്കുന്നു.