ഡല്‍ഹി: സംയുക്ത കിസാന്‍ മോര്‍ച്ച ദില്ലി ചലോ മാര്‍ച്ച് തുടങ്ങാനിരിക്കെ വീണ്ടും ചര്‍ച്ചയ്ക്ക് താത്പര്യം പ്രകടിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. അവതരിപ്പിച്ച പദ്ധതിയില്‍ നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് വ്യക്തമാക്കിയ കേന്ദ്ര കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട, ചര്‍ച്ച നടന്നാല്‍ മാത്രമേ പരിഹാരം ഉണ്ടാകൂവെന്നും പ്രശ്‌നങ്ങള്‍ക്ക് ഉറപ്പായും പരിഹാരം കാണുമെന്നും പറഞ്ഞു. സമാധാന പരമായി മുന്നോട്ട് പോകാന്‍ അധികൃതര്‍ അനുവദിക്കണമെന്ന് കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു.
സംഘര്‍ഷം ഉണ്ടായാല്‍ ഉത്തരവാദിത്വം സര്‍ക്കാരുകള്‍ക്കായിരിക്കുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു. ദില്ലി ചലോ മാര്‍ച്ച് നവംബര്‍ 7 ന് തീരുമാനിച്ചതാണ്. സംഘര്‍ഷത്തിന് തങ്ങള്‍ക്ക് താത്പര്യമില്ലെന്നും ബാരിക്കേഡുകള്‍ ഇട്ട് തടയുന്നത് അവകാശങ്ങള്‍ നിഷേധിക്കലാണെന്നും നേതാക്കക്ഷ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ സഹകരിച്ചാല്‍ ദില്ലി ചലോ മാര്‍ച്ച് സമാധാനപരമായി നടക്കുമെന്നും കര്‍ഷക നേതാക്കള്‍ പറഞ്ഞു.
തങ്ങള്‍ സംഘര്‍ഷം ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്നാണ് കര്‍ഷക നേതാവ് സര്‍വന്‍ സിംഗ് പന്ധേര്‍ പറഞ്ഞത്. ബാരിക്കേഡുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ ശംഭു അതിര്‍ത്തിയില്‍ ദില്ലി ചലോ തുടങ്ങാന്‍ കര്‍ഷകര്‍ അവസാന വട്ട ഒരുക്കത്തിലാണ്. ഇവിടെജെസിബികള്‍ എത്തിച്ചിട്ടുണ്ട്. കണ്ണീര്‍ വാതക പ്രയോഗം പ്രതിരോധിക്കാന്‍ ഗോഗിളുകള്‍ വിതരണം ചെയ്യുന്നുണ്ട്. പഞ്ചാബ് പോലീസും സര്‍വസജ്ജമായി നിലയുറപ്പിച്ചിട്ടുണ്ട്. രാവിലെ 11 മണിക്ക് മാര്‍ച്ച് ഹരിയാനയില്‍ പ്രവേശിക്കും എന്നാണ് മുന്നറിയിപ്പ്.