ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, പേഴ്സണല്‍ കമ്ബ്യൂട്ടറുകള്‍, അള്‍ട്രാ-സ്‌മോള്‍ ഫോം ഫാക്ടര്‍ കമ്ബ്യൂട്ടറുകള്‍, സെര്‍വറുകള്‍ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള ഉല്‍പന്നങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്നുള്ള ലൈസന്‍സോ അനുമതിയോ ആവശ്യമാണെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതി പ്രോത്സാഹിപ്പിക്കാനാണ് തീരുമാനമെന്നാണ് സൂചന.

HSN 8741-ന് കീഴില്‍ വരുന്ന ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഓള്‍-ഇന്‍-വണ്‍ പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍, അള്‍ട്രാ സ്‌മോള്‍ ഫോം ഫാക്ടര്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ എന്നിവയുടെ ഇറക്കുമതി നിയന്ത്രിക്കും. സാധുതയുള്ള ലൈസന്‍സിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഇനി ഇറക്കുമതി അനുവദിക്കൂ.

ഓണ്‍ലൈന്‍ പോര്‍ട്ടല്‍ കൊറിയര്‍ വഴിയും പോസ്റ്റ് വഴിയും ലാപ്ടോപ്പോ ടാബ്ലെറ്റോ പേഴ്സണല്‍ കമ്പ്യൂട്ടറോ ഇറക്കുമതി ചെയ്യാന്‍ അനുവദിക്കും. വ്യക്തിഗത ഉപയോഗത്തിനും ഗവേഷണത്തിനും ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയവ വാങ്ങുന്നതിന് നിയന്ത്രണവുമില്ലെന്ന് ഡിജിഎഫ്ടി വിജ്ഞാപനത്തില്‍ അറിയിച്ചു. Dell, Acer, Samsung, LG, Panasonic, Apple Inc, Lenovo, HP Inc എന്നിവയാണ് ഇന്ത്യന്‍ വിപണിയില്‍ ലാപ്ടോപ്പുകള്‍ വില്‍ക്കുന്ന ചില പ്രധാന കമ്പനികള്‍. ഗണ്യമായ ഒരു ഭാഗം ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു.

Top