എന്‍ ഐ എ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പി.ഡി.പി എം.എല്‍.എമാരെ സമര്‍ദ്ദത്തിലാക്കുന്നു : മുഫ്തി

mehabooba

ന്യൂഡല്‍ഹി : ദേശീയ അന്വേഷണ എജന്‍സിയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ പി.ഡി.പി എം.എല്‍.എമാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന ആരോപണവുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹ്ബൂബ മുഫ്തി രംഗത്ത്. ബി.ജെ.പിയുടെ പേരെടുത്ത് പറയാതെയായിരുന്നു മെഹ്ബൂബയുടെ ആരോപണം.

എന്‍ ഐ എയെ ഉപയോഗിച്ച് റെയ്ഡ് ഉണ്ടാവുമെന്ന് ഭീഷണിപ്പെടുത്തി എം.എല്‍.എമാരോട് പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിക്കുകയാണെന്നാണ് മുഫ്തി ആരോപിച്ചത്. പി.ഡി.പി എം.എല്‍.എമാരെ പണവും കാബിനറ്റില്‍ സ്ഥാനങ്ങളും നല്‍കുമെന്ന് അറിയിച്ച് പാര്‍ട്ടി വിടാന്‍ നിര്‍ബന്ധിക്കുകയാണ്. അതിന് തയാറാകാത്തവരെ എന്‍.ഐ.എ റെയ്ഡ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതെന്നും മുഫ്തി പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുഫ്തിയുടെ വിമര്‍ശനം.

പി.ഡി.പിയെ നിങ്ങള്‍ തകര്‍ക്കുകയാണെങ്കില്‍ ബുള്ളറ്റുകളെ പോലും വകവെക്കാതെ പി.ഡി.പിക്കും നാഷണല്‍ കോണ്‍ഫറന്‍സിനും കോണ്‍ഗ്രസിനുമെല്ലാം വോട്ട് ചെയ്ത ജനങ്ങളുടെ ജനാധിപത്യത്തിലുള്ള വിശ്വാസത്തെ കൂടിയാണ് തകര്‍ക്കുന്നതെന്നും മെഹ്ബൂബ പറഞ്ഞു. 87 അംഗ കശ്മീര്‍ നിയമസഭയില്‍ 28 അംഗങ്ങളാണ് പി.ഡി.പിക്ക് ഉള്ളത്.

Top