ഡല്‍ഹി: ഇസ്രയേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന മാധ്യമവാര്‍ത്തകളോട് പ്രതികരിച്ച് കേന്ദ്രസര്‍ക്കാര്‍. പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും കെട്ടിചമച്ച കഥകളാണ് യാഥാര്‍ത്ഥ്യമെന്ന നിലയില്‍ പ്രചരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഉന്നതരുടെ ഫോണ്‍ വിവരങ്ങള്‍ ചേര്‍ത്തപ്പെട്ടതായി ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയാണ് ആദ്യം രംഗത്തെത്തിയത്. കേന്ദ്രമന്ത്രിമാര്‍, ആര്‍.എസ്എസ് നേതാക്കള്‍, സുപ്രിംകോടതി ജഡ്ജിമാര്‍, ജേണലിസ്റ്റുകള്‍, തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം.
വിദേശമാധ്യമങ്ങളായ വാഷിംഗ്ടണ്‍ പോസ്റ്റും ഗാര്‍ഡിയനും അടക്കം 16 മാധ്യമങ്ങളുടെ കൂട്ടായ്മയാണ് പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലിന്റെ വിശദവിവരങ്ങള്‍ പുറത്തുവിട്ടത്. ലോകത്തെ പത്തോളം രാജ്യങ്ങളില്‍ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നും ഭരണകൂടങ്ങളാണ് ഫോണ്‍ ചോര്‍ത്തലിന് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നതെന്നുമാണ് മാധ്യമക്കൂട്ടായ്മയുടെ കണ്ടെത്തല്‍.
ലോകത്തെ പത്തോളം രാജ്യങ്ങളില്‍ പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നും ഭരണകൂടങ്ങളാണ് ഫോണ്‍ ചോര്‍ത്തലിന് പിന്നിലെന്നും മാധ്യമ കൂട്ടായ്മ ആരോപിക്കുന്നു. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. നിയമവിരുദ്ധമായിട്ട് ഒരു നിരീക്ഷണവും കേന്ദ്രസര്‍ക്കാര്‍ നടത്തിയിട്ടില്ല. വ്യക്തികളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൃത്യമായ മാനദണ്ഡം ഉണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചു.
കേന്ദ്രസംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ദേശീയ താല്‍പ്പര്യം ഉള്ള കാര്യങ്ങളില്‍ മാത്രമേ ഇത്തരം ഇടപെടല്‍ ഉണ്ടാകാറുള്ളു. ഇലക്ടോണിക് മാധ്യമങ്ങളിലൂടെയുള്ള ആശയവിനിമയം നിയമപരമായി നിരീക്ഷിക്കുന്നത് ദേശീയ സുരക്ഷ പൊതു സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് കേന്ദ്രസര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.