ന്യൂഡൽഹി: സര്‍ക്കാര്‍ വകുപ്പുകളുടെ ഉപയോഗത്തിനായി എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് (ഇഇഎസ്എല്‍) ഇലക്ട്രിക് സെഡാന്‍ കാറുകള്‍ക്കുള്ള ആഗോള ടെന്‍ഡറുകൾ ക്ഷണിച്ചു.
ഒറ്റ തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ 150 കിലോ മീറ്റര്‍ ദൂരം താണ്ടാന്‍ ശേഷിയുള്ള 10,000 ഇലക്ട്രിക് കാറുകള്‍ക്കുള്ള ടെന്‍ഡറുകളാണ് ക്ഷണിച്ചിരിക്കുന്നത്.
‘2030 ആകുമ്പോഴേക്കും ഇന്ത്യന്‍ നിരത്തുകളില്‍ ഇലക്ട്രിക് കാറുകള്‍ മാത്രം’ എന്ന കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി പീയുഷ് ഗോയലിന്റെ
സ്വപ്‌ന സാക്ഷാല്‍ക്കാരത്തിനായുള്ള നീക്കം കൂടിയാണിത്.
രണ്ട് ഘട്ടങ്ങളായി ഇലക്ട്രോണിക് വാഹനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയാണ് ഇഇഎസ്എല്‍ നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആയിരം കാറുകള്‍ വാങ്ങാനാണ് പദ്ധതി.
വാറണ്ടി ഉള്‍പ്പെടെയുള്ളതാണ് ടെന്‍ഡര്‍. ഒറ്റ ചാര്‍ജില്‍ 120-150 കിലോ മീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള, നാല് വാതിലുകളുള്ള സെഡാന്‍ കാര്‍ വാങ്ങാനാണ് പദ്ധതിയിടുന്നതെന്ന് ഇഇഎസ്എല്‍ മാനേജിംഗ് ഡയറക്റ്റര്‍ സൗരഭ് കുമാര്‍ പറഞ്ഞു.
ആദ്യ ഘട്ടത്തില്‍ വാങ്ങുന്ന ആയിരം കാറുകള്‍ ഡെല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളുടെ ഉപയോഗത്തിന് വേണ്ടിയാണെന്നും അദ്ദേഹം അറിയിച്ചു. ഇലക്ട്രോണിക് വാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്ന പ്രദേശത്തെ ചാര്‍ജിംഗ് സൗകര്യമാണ് പ്രധാന ഘടകം.
ഇത് പരിഗണിച്ച് 3,000 എസി (ഓള്‍ട്ടര്‍നേറ്റിംഗ് കറന്റ്) ചാര്‍ജിംഗ് പോയ്ന്റുകള്‍ക്കും 1,000 ഡയറക്ട് കറന്റ് ചാര്‍ജിംഗ് പോയ്ന്റുകള്‍ക്കുമുള്ള ടെന്‍ഡറുകളും ഇഇഎസ്എല്‍ ക്ഷണിച്ചിട്ടുണ്ട്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിലേക്കായി ഡൽഹിയിലെ വിവിധ ഇടങ്ങള്‍ കേന്ദ്രീകരിച്ച് 400 ചാര്‍ജറുകളും ലഭ്യമാക്കും. എന്‍ടിപിസിയും പവര്‍ഗ്രിഡും ചേര്‍ന്നാണ് ചാര്‍ജറുകള്‍ എത്തിക്കുക.
2015 ഏപ്രില്‍ മുതല്‍ നിലവില്‍ വന്ന ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിംഗ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് (എഫ്എഎംഇ) പദ്ധതിക്ക് കീഴില്‍ വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.