പ്രൈവറ്റ് സെക്രട്ടറിമാരെ മാത്രമല്ല സകല മന്ത്രിമാരെയും മുഖ്യമന്ത്രിയെയും സ്പീക്കറെയും അറസ്റ്റ് ചെയ്യിപ്പിച്ചാലും ചുവപ്പ് രാഷ്ട്രീയത്തോടുള്ള കാവിയുടെ പക തീരില്ല. കേരളത്തിലെ ഇടതുപക്ഷ ഭരണം വീഴും വരെ മാത്രമല്ല അവസാന കമ്യൂണിസ്റ്റും ഇല്ലാതാകും വരെയും ഈ പക അവര്‍ തുടരും. കാരണം കമ്യൂണിസ്റ്റ് ഉന്മൂലനം എന്നത് പ്രത്യേയശാസ്ത്രപരമായി തന്നെ സംഘപരിവാറിന്റെ ദൗത്യമാണ്. ഭരണകൂട സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് കാവിയുടെ ‘അജണ്ട’ മോദി സര്‍ക്കാറിപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ തുടങ്ങി സംസ്ഥാന പദ്ധതികളില്‍ വരെ എത്തിനില്‍ക്കുന്ന അന്വേഷണം ഫെഡറല്‍ സംവിധാനങ്ങളെയാണ് വെല്ലുവിളിക്കുന്നത്. സ്വര്‍ണ്ണക്കടത്തായാലും ഡോളര്‍ കടത്തായാലും അത് നടന്നിട്ടുണ്ടെങ്കില്‍ ആദ്യ ഉത്തരവാദി നരേന്ദ്ര മോദി സര്‍ക്കാറാണ്. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള അന്വേഷണ ഏജന്‍സികളുടെ പരാജയം കൂടിയാണ് ഈ കടത്തലുകള്‍.
വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമാണ് ഇന്ത്യയുടെ ‘റോ’ക്കുള്ളത്. എന്തുകൊണ്ടാണ് ഈ രഹസ്യാന്വേഷണ ഏജന്‍സി ഈ കടത്തലുകളൊന്നും കാണാതെ പോയിരിക്കുന്നത് ? സ്വര്‍ണ്ണക്കടത്തിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദ് ഇപ്പോഴും ദുബായില്‍ തന്നെ തുടരുന്നതിന് പിന്നിലെ ‘ഗുട്ടന്‍സും’ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണം. അന്താരാഷ്ട്ര കുറ്റവാളി രവി പൂജാരിയെ വരെ അറസ്റ്റ് ചെയ്ത് ഇന്ത്യയിലെത്തിച്ചവര്‍ക്ക് ഫൈസല്‍ ഫരീദിനെ കൊണ്ടുവരാന്‍ കഴിയുന്നില്ലങ്കില്‍ അത് കേന്ദ്ര സര്‍ക്കാറിന്റെ പരാജയമാണ്. അദൃശമായി ഫൈസല്‍ ഫരീദിനെ ദുബായില്‍ നിര്‍ത്തിയവരാണ് കേരളത്തില്‍ ഇടതു സര്‍ക്കാറിനെതിരെ ഇപ്പോള്‍ ഉറഞ്ഞ് തുള്ളുന്നത്.
ഗൂഢാലോചന കള്ളക്കടത്തിലാണോ, സര്‍ക്കാറിനെതിരെയാണോ എന്ന ചോദ്യം പ്രസക്തമാകുന്നതും ഇവിടെയാണ്. തീര്‍ന്നില്ല, ഇനിയുമുണ്ട് സംശയിക്കാന്‍ തക്ക നിരവധി കാര്യങ്ങള്‍. അതില്‍ പ്രധാനം കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഒറ്റ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇതുവരെ നടപടി എടുത്തിട്ടില്ലന്നതാണ്. കേന്ദ്ര ഐ.ബി ഉദ്യോഗസ്ഥര്‍ കള്ളക്കടത്ത് വിവരം മുന്‍കൂട്ടി അറിയാതിരുന്നത് എന്ത് കൊണ്ടെന്ന ചോദ്യത്തിനും തൃപ്തികരമായ മറുപടി ഉണ്ടായിട്ടില്ല. രാജ്യത്തിന്റെ സുരക്ഷയില്‍ നിര്‍ണ്ണായക പങ്കാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കുള്ളത്. അത് ‘റോ’ ആയാലും ഐ.ബി ആയാലും കഴിവ് തെളിയിച്ച ഏജന്‍സികളുമാണ്. ഇവരുടെ റിപ്പോര്‍ട്ടുകള്‍ പ്രധാനമന്ത്രി തന്നെയാണ് നേരിട്ട് പരിശോധിക്കുന്നത്. അതിനാല്‍ തന്നെ എവിടെയാണ് പിഴച്ചതെന്ന ചോദ്യത്തിന് മറുപടി പറയാന്‍ മോദിക്കും ബാധ്യതയുണ്ട്.
ഇത് രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്. സ്വര്‍ണ്ണത്തിന് പകരം സ്‌ഫോടകവസ്തുക്കളാണ് കടത്തിയതെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ എന്നതും നാം ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്. ഒരു കുറ്റകൃത്യം നടക്കുന്നതിന് മുന്‍പ് അത് തടയുന്നതിലാണ് ഉദ്യോഗസ്ഥര്‍ മിടുക്ക് കാട്ടേണ്ടത്. ആ മിടുക്കാണ് ഇവിടെ ഇപ്പോള്‍ കാണാതെ പോയിരിക്കുന്നത്. അബുദാബിയില്‍ നടന്ന മന്ത്രിതല സമ്മേളനത്തില്‍ സ്വകാര്യ പിആര്‍ ഏജന്‍സി ഉടമ പങ്കെടുത്ത വിഷയവും ഏറെ ഗൗരവകരമാണ്. വന്‍ സുരക്ഷാവീഴ്ചയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. എന്നിട്ടും പിആര്‍ ഉടമയായ സ്മിത മേനോനെ പ്രോട്ടോക്കോള്‍ ലംഘിച്ച് പങ്കെടുപ്പിച്ചതില്‍ കേന്ദ്രമന്ത്രി വി മുരളീധരനില്‍ നിന്നും വിശദീകരണം തേടാന്‍ പോലും കേന്ദ്ര ഏജന്‍സികള്‍ ഇതുവരെ തയ്യാറായിട്ടില്ല.
സ്വപ്ന സുരേഷ് പിടിയിലാകും മുന്‍പ് അവര്‍ക്ക് ബുദ്ധി ഉപദേശിച്ച പ്രമുഖ സംഘപരിവാര്‍ മാധ്യമ പ്രവര്‍ത്തകനെതിരെയും നടപടിയുണ്ടായിട്ടില്ല. സ്വര്‍ണ്ണം കൊണ്ടുവന്നത് ഡിപ്ലോമാറ്റിക് ബാഗ് വഴിയല്ലെന്ന് ഇയാള്‍ ഉപദേശിച്ചു എന്നാണ് സ്വപ്ന കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. എന്നിട്ടും മാധ്യമ പ്രവര്‍ത്തകന്റെ മൊഴി രേഖപ്പെടുത്തുകയല്ലാതെ ഒരു തുടര്‍ നടപടിയും ഈ നിമിഷം വരെ കസ്റ്റംസ് സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ കസ്റ്റംസ് ഇടപെടലില്‍ സ്വപ്ന മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ ഉന്നത രാഷ്ട്രീയ ബന്ധവും ഭരണഘടനാ പദവിയും ആരോപിക്കുന്നവര്‍ ഇതിന് കൂടി മറുപടി പറയേണ്ടതുണ്ട്. രഹസ്യമൊഴി കൊടുത്തിരിക്കുന്നത് സ്വപ്നയാണ്. അത് കേട്ടതാകട്ടെ മജിസ്‌ട്രേറ്റ് മാത്രവുമാണ്. പിന്നെ എങ്ങനെയാണ് രഹസ്യമൊഴിയിലെ വിവരങ്ങള്‍ പുറത്ത് വരിക ?
കോടതി ഒരിക്കലും രഹസ്യമൊഴി പുറത്ത് വിടുകയില്ല. പിന്നെ പറയാന്‍ സാധ്യതയുള്ളത് സ്വപ്നയാണ്. ജയിലിലുള്ള അവര്‍ക്കും അതിന് പരിമിതിയുണ്ട്. പരിമിതി ഇല്ലാത്തത് അന്വേഷണ ഏജന്‍സികള്‍ക്കാണ്. പ്രതിപക്ഷ നേതാവിനും ബി.ജെ.പി നേതാക്കള്‍ക്കും സ്വപ്ന നല്‍കിയ പേരുകള്‍ അറിയാമെങ്കില്‍ അത് ആര് പറഞ്ഞു എന്നതിനേക്കാള്‍ ആര് പറയിപ്പിച്ചു എന്നത് കൂടി പരിശോധിക്കേണ്ടി വരും. ഇനി പുറത്ത് വന്ന വാര്‍ത്തകള്‍ തെറ്റാണെങ്കില്‍ അതിനെയും രാഷ്ട്രീയ പ്രേരിതമായി തന്നെയേ വീക്ഷിക്കാന്‍ കഴിയൂ. ബി.ജെ.പി നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറയുന്ന കാര്യങ്ങളാണ് തുടര്‍ച്ചയായി കേന്ദ്ര ഏജന്‍സികളുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ബി.ജെ.പി നേതാക്കള്‍ രഹസ്യപ്പൊലീസ് അല്ലാത്തതിനാല്‍ എന്താണ് ‘അണിയറയില്‍’ നടക്കുന്നതെന്നത് ഊഹിക്കാവുന്നതേയുള്ളൂ.
യു.എ.ഇ കോണ്‍സുലേറ്റിലെ മികച്ച ഉദ്യോഗസ്ഥക്കുള്ള ഗുഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയ സ്വപ്നയുടെയും സംഘത്തിന്റെയും ക്രിമിനല്‍ ബുദ്ധി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ലങ്കില്‍ പിന്നെ എങ്ങനെയാണ് ഭരണഘടനാ പദവിയുള്ളയാള്‍ക്ക് മാത്രമായി തിരിച്ചറിയാന്‍ കഴിയുക ? സ്വപ്ന എല്ലാവരോടും ഇടപെട്ടത് യു.എ.ഇ കോണ്‍സുലേറ്റിലെ പ്രധാനി എന്ന നിലയിലാണ്. അതിന് അവര്‍ക്ക് അവസരം നല്‍കിയതാകട്ടെ യു.എ.ഇ കോണ്‍സുലേറ്റ് അധികൃതരുമാണ്. ഇത്തരത്തില്‍ ഉത്തരവാദപ്പെട്ടവര്‍ തന്നെ പരിഗണന നല്‍കിയാല്‍ ആരായാലും വെട്ടിലായി പോകും. അത് തന്നെയാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. കോണ്‍സുലര്‍ ജനറലുമൊത്താണ് ഔദ്യോഗിക വാഹനത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലും സ്വപ്ന എത്തിയത്.
മാധ്യമങ്ങളും പ്രതിപക്ഷവും ആക്ഷേപിക്കുന്ന ഭരണഘടനാ പദവിയിലുള്ള സ്പീക്കറെ സ്വപ്ന സമീപിച്ചതും ഈ പദവി ഉപയോഗപ്പെടുത്തി തന്നെയാണ്. യു. എ. ഇ കോണ്‍സുലേറ്റിലെ പരിപാടിയില്‍ പ്രതിപക്ഷ നേതാവ് പങ്കെടുത്തതും ഇതേ ഇടപെടലിലാണ്. ഇതൊന്നും ആരും തന്നെ മറന്ന് പോകരുത്. തെറ്റായ എന്തെങ്കിലും കാര്യങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗമായ ആരെങ്കിലും കൂട്ട് നിന്നോ എന്നത് ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. പ്രൈവറ്റ് സെക്രട്ടറിമാര്‍ തെറ്റ് ചെയ്‌തെങ്കില്‍ അവര്‍ അനുഭവിച്ച് കൊള്ളണമെന്ന നിലപാട് തന്നെയാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും സ്വീകരിച്ചിട്ടുള്ളത്. ഇങ്ങനെ പ്രൈവറ്റ് സെക്രട്ടറിമാര്‍ കുടുങ്ങുന്നത് രാജ്യത്ത് ആദ്യ സംഭവവുമല്ല. മുന്‍പ് പ്രധാനമന്ത്രിയുടെ സെക്രട്ടറിയെ തന്നെ പുറത്താക്കണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഓര്‍ക്കാന്‍ തയ്യാറാകാത്തവര്‍ ഏകപക്ഷീയമായ കടന്നാക്രമണമാണ് നിലവില്‍ നടത്തുന്നത്.
ഇപ്പോള്‍ ഇവര്‍ക്ക് മുന്നിലെ ‘ഇര’ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കിയതിനാല്‍ സ്പീക്കറോട് കേന്ദ്രത്തിന് കടുത്ത പകയാണുള്ളത്. അതാണിപ്പോള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന ആരോപണവും ഉയര്‍ന്നു കഴിഞ്ഞു. ഏറെ ഗൗരവകരമായ ആരോപണമാണിത്. ഇങ്ങനെ പോയാല്‍ കേന്ദ്രവും കേരളവും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലാണ് കാര്യങ്ങള്‍ ചെന്നെത്തുക. ‘ഇപ്പോള്‍ അറസ്റ്റിലാകും’ എന്ന് മാധ്യമങ്ങളും പ്രതിപക്ഷവും ‘പ്രവചിച്ച’ മന്ത്രി ജലീല്‍ ‘പയറു മണി’ പോലെയാണ് നിലവില്‍ പുറത്ത് ഇറങ്ങി നടക്കുന്നത്. ഇതിലെ ജാള്യത മറയ്ക്കാന്‍ കൂടിയാണ് പുതിയ ‘ഇരയെ’ ഇക്കൂട്ടര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പ് വരെ ഈ ‘കഥ’ തുടരാന്‍ തന്നെയാണ് സാധ്യത. ഏത് കേസിലാണെങ്കിലും ആരെ പ്രതി ചേര്‍ക്കണമെങ്കിലും പ്രതിയുടെ മൊഴി കൊണ്ടു മാത്രം ഒരു കാര്യവുമില്ല. സാഹചര്യ തെളിവുകള്‍ കൂടി അനിവാര്യമാണ്. അതില്ലെങ്കില്‍ കേസ് തന്നെയാണ് പൊളിഞ്ഞ് പോകുക. മുഖ്യമന്ത്രിയുടെ ഉള്‍പ്പെടെ പേര് പറയാന്‍ തനക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന സ്വപ്നയുടേതായി പുറത്ത് വന്ന ശബ്ദരേഖയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ഏജന്‍സിയുടെ ഇപ്പോഴത്തെ നീക്കങ്ങള്‍ എന്തായാലും സംശയകരം തന്നെയാണ്.
മൊഴികള്‍ തുടര്‍ച്ചയായി മാറ്റുന്ന പ്രതികളുടെ മൊഴികള്‍ക്ക് ഒരു പ്രസക്തിയുമില്ലാത്ത സാഹചര്യത്തില്‍ രാഷ്ട്രീയ നേട്ടത്തിനായാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഇടതുപക്ഷവും ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള ഈ നീക്കത്തെ ജനകീയ ഇടപെടലിലൂടെ തന്നെ ചെറുത്ത് തോല്‍പ്പിക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം.