ആശങ്കപ്പെടേണ്ട, അടിയന്തര സാഹചര്യം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാര്‍; വി മുരളീധരന്‍

തിരുവനന്തപുരം: ഇസ്രയേലില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാര്‍ ആശങ്കപ്പെടേണ്ടന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണ്. ഏത് ആവശ്യത്തിനും ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാം. എത്രപേര്‍ ഉണ്ടെന്ന് എംബസിക്ക് വിവരം നല്‍കിയിട്ടുണ്ട്. ഇന്ത്യ ഇസ്രായേലിന് ഒപ്പമാണെന്നും ഹമാസ് നടത്തിയത് ഭീകരാക്രമണമാണെന്നും വി മുരളീധരന്‍ വ്യക്തമാക്കി. അതേസമയം ഇസ്രയേലിലും പലസ്തീനിലുമുളള ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനത്ത് തുടരണമെന്ന് ഇന്ത്യന്‍ എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആശങ്ക വേണ്ടെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഹമാസിനെ നിര്‍ദയം അടിച്ചമര്‍ത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിനോട് ഒരു ദയയും ഉണ്ടാകില്ല. ഗാസയിലെ ജനങ്ങള്‍ ഒഴിഞ്ഞുപോകണം. ഈ യുദ്ധത്തില്‍ ഇസ്രയേല്‍ വിജയിക്കും. ഇസ്രയേലിനും പൗരന്മാര്‍ക്കും അവര്‍ നല്‍കിയ കറുത്ത ദിനങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ടെലിവിഷന്‍ അഭിസംബോധനയില്‍ നെതന്യാഹു പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവരുമായി സംസാരിച്ചു. ഈ യുദ്ധം തുടരാനുള്ള സ്വാതന്ത്ര്യം അവര്‍ ഇസ്രയേലിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹമാസിന്റെ പ്രവര്‍ത്തകര്‍ ഒളിച്ചിരിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ എല്ലാസ്ഥലങ്ങളും ചാരമാക്കും. കുഞ്ഞുങ്ങളേയും അമ്മമാരെയും അവരുടെ വീട്ടില്‍, കിടക്കകളില്‍ വധിക്കുന്ന ശത്രുക്കളാണ് ഇവര്‍. മുതിര്‍ന്നവരേയും കുട്ടികളേയും യുവാക്കളേയും ഒരുപോലെ തട്ടിക്കൊണ്ടുപോകുന്നു. പൗരന്മാരേയും കുഞ്ഞുങ്ങളേയും കൊന്നൊടുക്കി അവധി ദിനത്തില്‍ അവര്‍ ആനന്ദിക്കുകയാണെന്നും നെതന്യാഹു പറഞ്ഞു.

Top