സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി പിണറായി വിജയന്‍

കൊച്ചി: സംസ്ഥാനത്തെ വിലകയറ്റം ദേശീയ ശരാശരിയെക്കാള്‍ താഴെയെന്ന് മുഖ്യമന്ത്രി. കണ്‍സ്യൂമര്‍ ഫെഡ് ഓണവിപണി കൊച്ചിയില്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്തെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ വിപണി ഇടപടലിലൂടെ കഴിയുന്നുണ്ട്. ഇടപെടലിന്റെ ഭാഗമായി വിലക്കയറ്റ തോത് കുറച്ചു കൊണ്ടുവരാന്‍ കഴിയുന്നുവെന്നും സംസ്ഥാനത്ത് പച്ചക്കറി ഉത്പ്പാദന രംഗത്ത് വലിയ പുരോഗതി ഉണ്ടാക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണവിപണിയില്‍ നല്‍കുന്ന സബ്‌സിഡിയിലൂടെ 100 കോടി രൂപയുടെ ലാഭം പൊതുജനങ്ങള്‍ക്ക് കിട്ടുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും സാധരണയായി ഈ കാലത്ത് സംസ്ഥാനത്തെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സബ്‌സിഡിയുള്ള ഭക്ഷ്യസാധനങ്ങള്‍ക്ക് സപ്ലൈക്കോ മാര്‍ക്കറ്റുകളില്‍ ക്ഷാമം നേരിടുകയാണ്. പൊതുവിപണിയില്‍ അരിക്കും പച്ചക്കറികള്‍ക്കുമെല്ലാം തൊട്ടാല്‍ പൊളളുന്ന വിലയാണ്. തക്കാളിയടക്കം പച്ചക്കറികളുടെ വില അല്‍പ്പം പോലും കുറഞ്ഞിട്ടില്ല.

ആന്ധ്രയുള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് കേരളത്തിലെ മൊത്ത വിപണിയില്‍ അരിയുടെ വിലക്കയറ്റത്തിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അല്‍പ്പമെങ്കിലും ആശ്വാസം ലഭിക്കുന്നത് സബ്‌സിഡി സാധനങ്ങള്‍ ലഭിക്കുന്ന സപ്ലൈക്കോയാണ് എന്നാല്‍ സപ്ലൈക്കോയില്‍ പല സബ്‌സിഡി സാധനങ്ങളും കിട്ടാനുമില്ലാത്ത സ്ഥിതിയാണ് കേരളത്തില്‍.

Top