കുതിരാനിൽ 10 തവണ വാക്ക് തെറ്റിച്ചത് കേന്ദ്ര സർക്കാർ, അവകാശവാദവും പൊള്ള ?

ല്പത്തരം, എന്നു പറയുന്നത് ഇതിനെയൊക്കെയാണ്. കുതിരാന്‍ തുരങ്കം യാഥാര്‍ഥ്യമാവുമ്പോള്‍ അതിന്റെ ‘ക്രെഡിറ്റ്’ സംസ്ഥാന സര്‍ക്കാരിന് പോയേക്കുമെന്ന നിഗമനത്തില്‍ മാത്രമാണ് സംസ്ഥാനം പ്രഖ്യാപിച്ച തിയ്യതിക്ക് ഒരു ദിവസം മുന്നേ തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തുരങ്ക പാത ഇപ്പോള്‍ തുറന്ന് കൊടുത്തിരിക്കുന്നത്. ഇതിനു പിന്നില്‍ കളിച്ചിരിക്കുന്നത് കേന്ദ്രമന്ത്രി വി മുരളീധരനാണ് എന്നതും വ്യക്തം. തരംതാണ രാഷ്ട്രീയ ബോധമാണിത്. വര്‍ഷങ്ങളായി ഇഴഞ്ഞുനീങ്ങിയിരുന്ന തുരങ്കപ്പാതയിലെ ജോലികള്‍ക്ക് വേഗത കൈവന്നത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമായിരുന്നു എന്നത് ആര് മറന്നാലും കേന്ദ്ര സര്‍ക്കാര്‍ മറന്നു പോകരുത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിനു ശേഷം സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി കെ. രാജനും പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസും പ്രത്യേക താത്പര്യമെടുത്ത് രംഗത്തെത്തിയതും ഈ നാട് കണ്ടതാണ്. ഇവര്‍ പലവട്ടമാണ് നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് ഒന്നിന് തുരങ്കം തുറക്കുമെന്ന് മന്ത്രിമാര്‍ പറഞ്ഞത് വെറുതെയല്ല, അതിനാവശ്യമായ ഇടപെടല്‍ നടത്തി തന്നെയാണ്. തുരങ്കം തുറക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലാത്ത നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയതും അതുകൊണ്ടാണ്. എന്നാല്‍, തുരങ്കനിര്‍മാണം പൂര്‍ണമായും കേന്ദ്രത്തിന്റെ കാര്യമായതിനാല്‍ തുറന്നുകൊടുക്കുന്നതിന്റെ കടിഞ്ഞാണില്‍ പിടിച്ച് തരംതാണ കളിയാണ് ബി.ജെ.പി നേതൃത്വം കളിച്ചത്. സംസ്ഥാന മന്ത്രിമാര്‍ പ്രഖ്യാപിച്ച ഓഗസ്റ്റ് ഒന്നിന്റെ തലേന്നു തന്നെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ട്വീറ്റ് വന്നതും ഈ നീക്കത്തിന്റെ തുടര്‍ച്ചയാണ്. തുടര്‍ന്നാണ് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തില്‍ തുരങ്കം തുറന്നിരിക്കുന്നത്.

കളക്ടര്‍ക്കു പോലും നേരത്തേ അറിയിപ്പ് നല്‍കാതിരുന്നത് സംസ്ഥാന സര്‍ക്കാരിനെ പരമാവധി വൈകി അറിയിക്കുക എന്ന ബോധപൂര്‍വ്വമായ ലക്ഷ്യത്തോടെയായിരുന്നു. ഫെഡറല്‍ സംവിധാനം നിലനില്‍ക്കുന്ന ഒരു രാജ്യത്ത് ഒരിക്കലും കേന്ദ്ര ഭരണകൂടം ചെയ്ത് കൂടാത്ത പ്രവര്‍ത്തിയാണിത്. തുരങ്കം കളക്ടര്‍ തുറന്നാലും പ്രധാനമന്ത്രി തുറന്നാലും തുറക്കപ്പെടുക എന്നതില്‍ തന്നെയാണ് കാര്യം. അക്കാര്യത്തില്‍ ആര്‍ക്കും ഒരു തര്‍ക്കവുമുണ്ടാകുകയില്ല. എന്നാല്‍ തുരങ്കപാതയുടെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഇടപെട്ട സംസ്ഥാന സര്‍ക്കാറിനെയും പൊതുമരാമത്ത് മന്ത്രിയെയും ബോധപൂര്‍വ്വം അറിയിക്കാതിരുന്നത് തെറ്റു തന്നെയാണ്. ശക്തമായി എതിര്‍ക്കപ്പെടേണ്ട നിലപാട് തന്നെയാണിത്. പത്തു തവണയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം കുതിരാനില്‍ നടക്കാതെ പോയിരിക്കുന്നത്.

ഒടുവില്‍ ഒരു തുരങ്കം മാര്‍ച്ച് 31നകം ഗതാഗതത്തിന് തുറക്കുമെന്നായിരുന്നു ഒടുവിലത്തെ കേന്ദ്ര പ്രഖ്യാപനം. കരാര്‍ കമ്പനിയും ദേശീയപാതാ അതോറിറ്റിയും ഹൈക്കോടതിയില്‍ ഇതു സംബന്ധമായി ഉറപ്പും നല്‍കുകയുണ്ടായി. എന്നാല്‍ ആ ഉറപ്പും ‘കുറുപ്പിന്റെ ഉറപ്പായാണ് ഒടുവില്‍ മാറിയിരുന്നത്. ഇതോടെയാണ് ശക്തമായ ഇടപെടലുമായി സംസ്ഥാന സര്‍ക്കാര്‍ തന്നെ രംഗത്ത് വന്നിരുന്നത്. കളം നിറഞ്ഞ് പ്രവര്‍ത്തിച്ചതാകട്ടെ മന്ത്രി മുഹമ്മദ് റിയാസ് തന്നെയാണ്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഈ സാന്നിധ്യം കാവിപ്പടയുടെ ഉറക്കമാണ് കെടുത്തിയിരുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്റെ റിയാസിനെ കുറിച്ചുള്ള പ്രതികരണവും ഈ ഘട്ടത്തില്‍ നാം ചേര്‍ത്ത് വായിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ മരുമകന്‍ ആയതു കൊണ്ടു മാത്രമല്ല കേന്ദ്ര പദ്ധതിക്കു മേല്‍ ഒരു ചുവപ്പ് വീരഗാഥ ബി.ജെ.പി നേതാക്കളാരും ഇഷ്ടപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വികസനത്തില്‍ പോലും രാഷ്ട്രീയം കാണുന്ന വികലമായ മനസ്സിന്റെ പ്രതിഫലനമാണിത്.

കുതിരാനില്‍ കേന്ദ്ര സഹമന്ത്രി തന്നെയാണ് പ്രധാനമായും ‘പാരവയ്പ്പുമായി ‘ രംഗത്തിറങ്ങിയിരിക്കുന്നത്. അതാണിപ്പോള്‍ ഒരു ദിവസം മുന്‍പേയുള്ള തുറന്ന് കൊടുക്കലിലും കലാശിച്ചിരിക്കുന്നത്. ഇതുകൊണ്ടെല്ലാം ബി.ജെ.പിക്ക് അവര്‍ ഉദ്ദേശിച്ച നേട്ടമല്ല മറിച്ച് കോട്ടമാണ് സംഭവിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാറും മന്ത്രി മുഹമ്മദ് റിയാസും ക്രഡിറ്റ് തട്ടിയെടുക്കുമെന്ന ഭയമാണ് ഒരു ദിവസം മുന്‍പേയുള്ള ‘തുറക്കല്‍ നാടകത്തിന് ‘ പിന്നിലെന്ന ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ വ്യാപകമായി നടക്കുന്നത്. സെക്രട്ടറിയേറ്റില്‍ കൂടുതല്‍ സമയം കുത്തിയിരിക്കാതെ നേരിട്ട് സ്‌പ്പോട്ടില്‍ പോയി കാര്യങ്ങള്‍ വിലയിരുത്തുക എന്നതാണ് പൊതുമരാമത്ത് മന്ത്രി റിയാസിന്റെ പ്രവര്‍ത്തനരീതി. ഒരു ഫോണ്‍ കോളില്‍ പോലും നടപടിയും ഉറപ്പാണ്. മന്ത്രിയായി സ്ഥാനമേറ്റ ശേഷം ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ വലിയ ജനപ്രീതിയാണ് റിയാസ് ആര്‍ജിച്ചിരിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ മന്ത്രിയുടെ കുതിരാനിലെ നിരന്തര സാന്നിധ്യം ബി.ജെ.പി നേതൃത്വവും നിരീക്ഷിച്ചിരുന്നു. തുരങ്കപാത തുറന്ന് കൊടുക്കുമ്പോള്‍ ഈ മന്ത്രിയുടെ സാന്നിധ്യം അവിടെ ഉണ്ടാകരുതെന്ന് അവര്‍ ആഗ്രഹിച്ചതും അതുകൊണ്ടാണ്. കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തി തല്‍ക്കാലം പരിവാര്‍ അജണ്ട നടപ്പാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ടെങ്കിലും രാഷ്ട്രീയപരമായി നേട്ടം ഇടതുപക്ഷത്തിനു തന്നെയാണ് ലഭിച്ചിരിക്കുന്നത്. കാവിക്കൊടിയുടെ നിറമാണ് പരിവാര്‍ രാഷ്ട്രീയത്തിന്റെ സ്വാര്‍ത്ഥ താല്‍പ്പര്യത്തില്‍ മങ്ങിപ്പോയിരിക്കുന്നത്. കുതിരാനില്‍ മറനീക്കി പുറത്തു വന്നിരിക്കുന്നതാകട്ടെ ചുവപ്പിനോടുള്ള കാവിപകയുടെ വേറിട്ടൊരു രൂപവുമാണ്.

കുതിരാന്‍ തുരങ്കം ആഗസ്റ്റ് ഒന്നിന് തുറക്കുമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പറഞ്ഞപ്പോള്‍ അതു പറയാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്ന വാദമാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഉയര്‍ത്തിയിരുന്നത്. ആഗസ്റ്റ് ഒന്നിനെങ്കിലും തുരങ്കപ്പാത തുറന്ന് കൊടുക്കണമെന്ന് മന്ത്രി റിയാസ് ആഗ്രഹിച്ചത് അദ്ദേഹത്തിന് ഉദ്ഘാടിക്കാനല്ല, മറിച്ച് എത്രയും പെട്ടന്ന് ജനാഭിലാഷം നടപ്പാക്കാനായിരുന്നു. ഒരു ദിവസം മുന്‍പേ തുരങ്കപ്പാത തുറന്ന് കൊടുത്തതില്‍ ഇപ്പോള്‍ ഏറെ സന്തോഷിക്കുന്നതും യഥാര്‍ത്ഥത്തില്‍ ഈ മന്ത്രി തന്നെയായിരിക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഇടപെടലുകള്‍ തന്നെയാണ് തുരങ്ക പാത ഭാഗികമായാണെങ്കില്‍ പോലും ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ചരക്കു കടത്തിനടക്കം ഉപയോഗിക്കുന്ന അതിപ്രധാനമായ പാതയാണ് വടക്കഞ്ചേരി – മണ്ണുത്തി ദേശീയ പാത. ഇതിലെ പ്രധാന ഭാഗമാണ് കുതിരാന്‍.

കരിമ്പാറക്കെട്ടുകള്‍ നിറഞ്ഞ കുതിരാന്‍മലയിലെ ഗതാഗതകുരുക്കിന് പതിറ്റാണ്ടുകള്‍ നീണ്ട പഴക്കമാണുള്ളത്.
കുതിരാനിലെ ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിന് വേണ്ടിയാണ് തുരങ്ക നിര്‍മ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നത്. 962 മീറ്റര്‍ നീളമാണ് നിലവില്‍ കുതിരാന്‍ തുരങ്കത്തിനുള്ളത്. ഇതിനു 14 മീറ്റര്‍ വീതിയും 10 മീറ്റര്‍ ഉയരവുമുണ്ട്. ഇരുതുരങ്കങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി 300, 600 മീറ്ററുകളില്‍ രണ്ട് ഇടതുരങ്കങ്ങളും ഇവിടെ നിര്‍മിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനു വേണ്ടിയാണ് ഇവയും നിര്‍മിച്ചിരിക്കുന്നത്. ദേശീയപാതാ അതോറിറ്റിയുടെ കീഴില്‍ വരുന്ന പദ്ധതിയാണെങ്കിലും സംസ്ഥാനത്തിന്റെ പൊതുവായ വിഷയം എന്ന നിലയിലാണ് കുതിരാന്‍ തുരങ്കവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്താന്‍ തീരുമാനിച്ചിരുന്നത്. അത് അവര്‍ ചെയ്തില്ലായിരുന്നു എങ്കില്‍ ഇപ്പോഴും തുരങ്കപ്പാത ത്രിശങ്കുവില്‍ തന്നെയാവുമായിരുന്നു.

2021 ജൂലൈ ആറിന് മന്ത്രിമാരായ കെ രാജന്‍, പ്രൊഫ. ആര്‍ ബിന്ദു എന്നിവരോടൊപ്പമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തുരങ്കം സന്ദര്‍ശിച്ചിരുന്നത്. തികച്ചും അപ്രതീക്ഷിതമായ സന്ദര്‍ശനമായിരുന്നു അത്. പിന്നീട് നിര്‍മ്മാണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ശ്രദ്ധയില്‍പ്പെട്ട വിഷയങ്ങളെല്ലാം തന്നെ മന്ത്രി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ജൂണ്‍ 8 ന് മുഖ്യമന്ത്രി തന്നെ നേരിട്ട് നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തിക്കൊണ്ട് ഒരു യോഗവും വിളിച്ചു ചേര്‍ക്കുകയുണ്ടായി. കുതിരാന്‍ തുരങ്കത്തിന്റെ ഒരു ടണല്‍ ഓഗസ്ത് 1 ന് തുറക്കണമെന്ന് ഈ യോഗത്തിലാണ് തീരുമാനിച്ചിരുന്നത്. ഇതിനു വേണ്ട ഇടപെടലുകളാണ് പിന്നീട് സംസ്ഥാന ഭരണകൂടം ദ്രുതഗതിയില്‍ നടത്തിയിരുന്നത്. ജൂണ്‍ 30 ന് പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ മന്ത്രിതല യോഗവും ചേരുകയുണ്ടായി. തുടര്‍ന്ന് ജൂലൈ ആറിനും 15 നും മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ കുതിരാനില്‍ നേരിട്ട് സന്ദര്‍ശനവും നടത്തി.

ഓരോ ഘട്ടങ്ങളിലും ശ്രദ്ധയില്‍പ്പെട്ട വിഷയങ്ങളില്‍ അപ്പോള്‍ തന്നെ ഇടപെടുന്നതിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പ്രത്യേകം ശ്രദ്ധിച്ച കാര്യം തുരങ്കപ്പാത നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥര്‍ തന്നെ ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തി പുരോഗതി വിലയിരുത്തി അതാത് സമയം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജില്ലാ കളക്ടറെയാണ് മന്ത്രി റിയാസ് ചുമതലപ്പെടുത്തിയിരുന്നത്. 24 മണിക്കൂറും ജോലി ചെയ്യുന്നതിന് പ്രത്യേക അനുമതിയും അദ്ദേഹം ഇടപെട്ട് ലഭ്യമാക്കുകയുണ്ടായി. ഫയര്‍ ആന്റ് സേഫ്റ്റി സുരക്ഷാപരിശോധന വേഗത്തിലാക്കാന്‍ കേരള ഫയര്‍ സേഫ്റ്റി ഡയറക്ടര്‍ ജനറല്‍ ഡോ. ബി സന്ധ്യ ഐപിഎസുമായി സംസാരിച്ചതും പൊതുമരാമത്ത് വകുപ്പ് മന്ത്രി നേരിട്ടു തന്നെയാണ്. ഇതിന്റെ ഭാഗമായി ആ പ്രവര്‍ത്തനങ്ങളും ശര വേഗത്തിലാണ് നടന്നിരിക്കുന്നത്.

ദേശീയപാതാ അതോറിറ്റിയുടെ സുരക്ഷാ പരിശോധന ആഗസ്ത് ആദ്യം തന്നെ ഒരു ടണല്‍ തുറക്കാന്‍ സാധിക്കുന്ന രീതിയില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയോട് ശക്തമായി ആവശ്യപ്പെട്ടതും മുഹമ്മദ് റിയാസ് തന്നെയാണ്. അതല്ലാതെ ഇപ്പോള്‍ വീരവാദം മുഴക്കുന്ന കേന്ദ്ര സഹമന്ത്രിയല്ലന്നതും നാം തിരിച്ചറിയണം. കേന്ദ്ര സഹമന്ത്രിയുടെ കഴിവാണെങ്കില്‍ അത് കഴിഞ്ഞ മാര്‍ച്ചില്‍ കാണണമായിരുന്നു. ദൗര്‍ഭാഗ്യവശാല്‍ അതുണ്ടായിട്ടുമില്ല.

ദേശീയപാതാ അതോറ്റിയുടെ കീഴില്‍ വരുന്ന പദ്ധതിയാണെങ്കിലും സംസ്ഥാനത്തിന്റെ പൊതുവായ വിഷയം എന്ന നിലയിലാണ് കുതിരാന്‍ തുരങ്കവുമായി ബന്ധപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ ഇടപെട്ടിരിക്കുന്നത്. ഈ ഇടപെടലുകള്‍ തന്നെയാണ് പ്രവര്‍ത്തനങ്ങള്‍ക്കും വേഗത നല്‍കിയിരിക്കുന്നത്. അതുകൊണ്ട് മാത്രമാണ് ഇപ്പോഴെങ്കിലും തുരങ്കപ്പാത യാഥാര്‍ത്ഥ്യമായിരിക്കുന്നത്. ഇതെല്ലാം രാഷ്ട്രീയ തിമിരം ബാധിച്ചവര്‍ക്ക് മനസ്സിലാവില്ലെങ്കിലും പ്രബുദ്ധരായ കേരള ജനതയ്ക്ക് എന്തായാലും മനസ്സിലാകുക തന്നെ ചെയ്യും.

 

Top