ന്യൂഡല്‍ഹി: മിഠായികളിലും ഐസ്‌ക്രീമുകളിലും ബലൂണുകളിലും പിടിയായി ഉപയോഗിക്കുന്ന ‘പ്ലാസ്റ്റിക് സ്റ്റിക്’ നിരോധിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. 2022 ജനുവരി ഒന്നിനുള്ളില്‍ ഘട്ടങ്ങളായി ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വെള്ളിയാഴ്ച പാര്‍ലമെന്റിനെ അറിയിച്ചു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഘട്ടങ്ങളായി ഒഴിവാക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബെ ഇക്കാര്യം പറഞ്ഞത്. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ കരട് വിജ്ഞാപന പ്രകാരം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിര്‍മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പന, ഉപയോഗം എന്നിവ 2022 ജനുവരി 1 ന് അകം നിരോധിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് മന്ത്രാലയം.
പ്ലാസ്റ്റിക് സ്റ്റിക്കുകളുള്ള ഇയര്‍ബഡുകള്‍, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള തെര്‍മോകോള്‍ എന്നിവ ജനുവരി 1ന് അകം നിരോധിക്കാനാണ് തീരുമാനം.