ന്യൂഡല്‍ഹി: പിഎസ്എല്‍വി, ജിഎസ്എല്‍വി റോക്കറ്റുകളുടെ വിക്ഷേപണത്തിന് കേന്ദ്ര മന്ത്രിസഭ 10,911 കോടി രൂപ നല്‍കി. 30 പിഎസ്എല്‍വി റോക്കറ്റുകളും 10 ജിഎസ്എല്‍വി റോക്കറ്റുകളും വിക്ഷേപിക്കുന്നതിനാണ് ഈ തുക. അടുത്ത നാലു വര്‍ഷത്തിനിടയില്‍ പദ്ധതി പൂര്‍ത്തീകരിക്കും.
ഐഎസ്ആര്‍ഒയുടെ ഏറ്റവും കൂടുതല്‍ ഭാരവാഹക ശേഷിയുള്ള റോക്കറ്റാണ് ജിഎസ്എല്‍വി എംകെ ത്രീ. നാല് ടണ്‍ വരെ ഭാരമുള്ള കൃത്രിമോപഗ്രഹങ്ങള്‍ വഹിക്കാന്‍ ഈ റോക്കറ്റിന് സാധിക്കും. ഇത്തരം 10 റോക്കറ്റുകളുടെ വിക്ഷേപണത്തിനായി 4,338 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
ഭാരക്കൂടുതലുള്ള ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം ഇതോടെ ഇല്ലാതാവുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ചന്ദ്രയാന്‍-2 ന്റെ വിക്ഷേപണം നടന്നേക്കുമെന്നും ഇത് രാജ്യത്തിന്റെ ബഹിരാകാശ പര്യവേഷണങ്ങളില്‍ സുപ്രധാനമായ നേട്ടമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.