കൊച്ചി: കേരളീയം പരിപാടിയില്‍ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ അപമാനിക്കപ്പെട്ടെന്ന പരാതിയില്‍ കേന്ദ്ര പട്ടികവര്‍ഗ്ഗ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി ശ്യാം രാജിന്റെ പരാതിയിലാണ് കേന്ദ്രപട്ടികവര്‍ഗ്ഗ കമ്മീഷന്‍ നടപടിയെടുത്തത്. ആദിവാസി വിഭാഗത്തില്‍പെട്ടവരെ അവരുടെ പരമ്പരാഗത വേഷത്തില്‍ ഷോക്കേസ് ചെയ്തു എന്നായിരുന്നു വിമര്‍ശനം.
കേരള ചീഫ് സെക്രട്ടറി ഡോ. വി വേണുവിനോടും ഡിജിപി ഡോ. ഷെയ്ഖ് ധര്‍വ്വേഷ് സാഹിബിനോടുമാണ് കത്തുകിട്ടി മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കേന്ദ്ര പട്ടികവര്‍ഗ്ഗ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
നിശ്ചിത സമയത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ ഡിജിപിയും ചീഫ് സെക്രട്ടറിയും കമ്മീഷനു മുമ്പില്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്നും ഉത്തരവില്‍ പറയുന്നു. തിരുവനന്തപുരത്ത് നടന്ന കേരളീയം പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ആദിമം എന്ന പരിപാടിക്കെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.