ഡൽഹി: കേന്ദ്ര സർവകലാശാലകളിലെ ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്കുള്ള ദേശീയ പൊതുപ്രവേശനപരീക്ഷ (സി.യു.ഇ.ടി.) സെപ്റ്റംബർ ഒന്നുമുതൽ ഏഴുവരെയും ഒൻപതുമുതൽ പതിനൊന്നു വരെയും രണ്ടുഘട്ടങ്ങളായി നടത്തുമെന്ന് യു.ജി.സി. ചെയർമാൻ എം. ജഗദീഷ്‌കുമാർ അറിയിച്ചു.
അഡ്മിറ്റ് കാർഡ്, പരീക്ഷാകേന്ദ്രങ്ങൾ എന്നിവസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും. 3.57 ലക്ഷം വിദ്യാർഥികളാണ് അപേക്ഷിച്ചിരിക്കുന്നത്. രാജ്യത്തിനുള്ളിൽ അഞ്ഞൂറും വിദേശത്ത് പതിമ്മൂന്നും പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. 66 സർവകലാശാലകളിലെ പി.ജി. പ്രവേശനം ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: nta.ac.in, cuet.nta.nic എന്നീ സൈറ്റുകൾ സന്ദർശിക്കാം.