കരുവന്നൂര്‍ കേസില്‍ കുറ്റപത്രം ഈ മാസം 31ന് സമര്‍പ്പിക്കും; ആദ്യ കുറ്റപത്രത്തില്‍ നാല് പ്രതികള്‍

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാനൊരുങ്ങി അന്വേഷണ ഏജന്‍സി. ഈ മാസം 31ന് കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നീക്കം. പി ആര്‍ അരവിന്ദാക്ഷന്‍, പി സതീഷ്‌കുമാര്‍, പിപി കിരണ്‍, സി കെ ജില്‍സ് എന്നിവരാണ് ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍.

കേസുമായി ബന്ധപ്പെട്ട് എംകെ കണ്ണനെയും എ സി മൊയ്തീയും ഉള്‍പ്പെടെയുള്ളവരെ ഇഡി വിശദമായി ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരെ പറ്റി കുറ്റപത്രത്തില്‍ പരാമര്‍ശമില്ല. എം കെ കണ്ണനിലേക്കുള്ള അന്വേഷണം അടുത്ത ഘട്ടത്തിലുണ്ടാകുമെന്നാണ് ഇ ഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

അതേസമയം കേസിലെ കള്ളപ്പണം ഇടപാടില്‍ ഇ.ഡി.യുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. കേസില്‍ പെരിങ്ങണ്ടൂര്‍ ബാങ്ക് പ്രസിഡണ്ട് എം ആര്‍ ഷാജന്‍ ഇന്ന് ഇ ഡിക്ക് മുന്നില്‍ ഹാജരായേക്കും. മൊഴി നല്‍കാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു.

പ്രതികള്‍ ബാങ്കില്‍ സാമ്പത്തിക പാടുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍. കേസിലെ പ്രതിയായ പി ആര്‍ അരവിന്ദാക്ഷന്റെയും ജില്‍സിന്റേയും ജാമ്യാപേക്ഷ കലൂര്‍ പി എം എല്‍ എ കോടതി നാളെ പരിഗണിക്കും. ഇരുവരും കേസിലെ പ്രധാന പ്രതികളാണെന്നും ഇവര്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി. കോടതിയെ അറിയിക്കും.

Top