ഡോ.വന്ദനദാസ് കൊലക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊല്ലം : കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ വന്ദനദാസ് കൊല്ലപ്പെട്ട കേസില്‍ അന്വേഷണ സംഘം ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കൊട്ടാരക്കര ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. പ്രതി സന്ദീപ് ബോധപ്പൂര്‍വം വന്ദന ദാസിനെ കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് ഹൗസ് സര്‍ജന്‍ വന്ദന ദാസിനെ മെയ് 10 നാണ് പ്രതി കുത്തിക്കൊലപ്പെടുത്തിയത്. പ്രതിയുടെ കസ്റ്റഡി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുന്നത്. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും ഈ കേസില്‍ ഏറ്റവും നിര്‍ണായകമാണ്. പ്രതി സന്ദീപ് വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തുന്ന ദൃക്‌സാക്ഷി മൊഴിയുണ്ട്. സന്ദീപിന്റെ വസ്ത്രത്തില്‍ നിന്ന് വന്ദനാ ദാസിന്റെ രക്തക്കറ കണ്ടെത്തിയിരുന്നു. ഇതാണ് കേസിലെ പ്രധാന ശാസ്ത്രീയ തെളിവ്.

കഴിഞ്ഞ ദിവസം പ്രതി ജി.സന്ദീപിന്റെ ജാമ്യാപേക്ഷ കൊല്ലം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. മനഃപൂര്‍വമുള്ള കൊലപാതകമല്ലെന്നും പെട്ടെന്നുണ്ടായ പ്രകോപനത്തിലുണ്ടായതാണെന്നുമുള്ള പ്രതിയുടെ വാദം  കോടതി തള്ളി. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും പ്രതിക്ക് ജാമ്യം നല്‍കരുതെന്നുമുള്ള പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിക്കുകയായിരുന്നു. ജാമ്യം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗം തീരുമാനം.

കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോ.വന്ദന, കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായി ജോലി ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ചികിത്സക്കായി ആശുപത്രിയില്‍ പൊലീസെത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. ഹൗസ് സര്‍ജനായിരുന്നു ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ബിരുദം നല്‍കാന്‍ കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ഗവേണിങ് കൗണ്‍സില്‍ യോഗം തീരുമാനമെടുത്തിട്ടുണ്ട്.

Top