the charges must be submitted in a timely manner-dgp

loknath behara

തിരുവനന്തപുരം: കേസുകളില്‍ കൃത്യസമയത്ത് കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ 100 ദിവസത്തിനകം ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ പ്രതികള്‍ രക്ഷപ്പെടുന്നത് ഒഴിവാക്കാനാണ് ഡിജിപി പ്രത്യേക നിര്‍ദേശം നല്‍കിയത്.

കൃത്യ സമയത്ത് ചാര്‍ജ് ഷീറ്റ് സമര്‍പ്പിക്കാത്ത പക്ഷം മേലുദ്യോഗസ്ഥന്മാര്‍ വിശദീകരണം നല്‍കേണ്ടി വരുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ജില്ലാ പൊലീസ് സൂപ്രണ്ടുമാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും നല്‍കിയ പ്രത്യേക സര്‍ക്കുലറിലാണ് നിര്‍ദേശം നല്‍കിയത്. ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ 60 മുതല്‍ 90 ദിവസത്തിനകം കുറ്റപത്രം ബന്ധപ്പെട്ട കോടതികളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശം. ഇതുവഴി സാക്ഷികളെ ഭീഷണിപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും സര്‍ക്കുലറില്‍ ഡിജിപി വ്യക്തമാക്കുന്നുണ്ട്.

കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന സമയത്ത് തന്നെ ഫോറന്‍സിക് റിപ്പോര്‍ട്ട് നല്‍കാന്‍ ഫോറന്‍സിക് ഡയറക്ടര്‍ക്കും ഡിജിപി ലോക് നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കേസുകളില്‍ കുറ്റപത്രം വൈകുന്നതിലുള്ള കാലതാമസത്തില്‍ അടുത്തകാലത്ത് കോടതികളില്‍ നിന്നും പൊലീസിന് നിരന്തര വിമര്‍ശനം കേള്‍ക്കേണ്ടി വന്ന സാഹചര്യത്തിലാണ് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

Top