കുരുക്ക് മുറുകുന്നു; സ്വപ്നയെ പരിചയപ്പെടുത്തിയത് ശിവശങ്കറെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ മൊഴി നല്‍കി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍. സ്വപ്നയെ ഓഫീസില്‍ കൊണ്ടുവന്ന് പരിചയപ്പെടുത്തിയത് ശിവശങ്കര്‍ ആണെന്നും ഒന്നിച്ച് ലോക്കര്‍ തുടങ്ങാന്‍ അദ്ദേഹം നിര്‍ദേശിച്ചുവെന്നും വേണുഗോപാല്‍ എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി.

എന്നാല്‍ സ്വപ്നയെ പരിചയപ്പെടുത്തിയതിനു ശേഷം താന്‍ മടങ്ങിയെന്നും ഒന്നിച്ച് ലോക്കര്‍ തുറക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു ശിവശങ്കറിന്റെ മൊഴി. എന്നാല്‍ ചര്‍ച്ചകള്‍ അവസാനിക്കും വരെ ശിവശങ്കര്‍ ഓഫീസില്‍ ഉണ്ടായിരുന്നുവെന്നും വേണുഗോപാല്‍ പറഞ്ഞു.

30 ലക്ഷമാണ് ഈ അക്കൗണ്ടില്‍ ആദ്യം നിക്ഷേപിച്ചത്. ഈ തുക സ്വപ്ന തന്നെ പിന്‍വലിച്ചു. അതിനു ശേഷം അക്കൗണ്ട് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി. കുറച്ച് സ്വര്‍ണാഭരണങ്ങള്‍ അക്കൗണ്ടിലുണ്ടെന്നായിരുന്നു സ്വപ്ന നേരത്തെ പറഞ്ഞത്. അന്വേഷണ ഏജന്‍സികള്‍ ഈ അക്കൗണ്ടില്‍ നിന്നും 64 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തിയിരുന്നു. എന്നാല്‍ അക്കൗണ്ടിലുണ്ടായിരുന്ന തുകയെ കുറിച്ച് അറിയില്ലെന്നാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ഇഡി എടുത്ത കേസില്‍ സ്വപ്ന നല്‍കിയ ജാമ്യാപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധി പറയും.

Top