ദില്ലി: സുപ്രീംകോടതി കൊളിജീയം രാജ്യത്ത് നിലനിൽക്കുന്ന വ്യവസ്ഥയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്. ജഡ്ജിനിയമനത്തിൽ ബാഹ്യഇടപെടൽ പ്രതിരോധിക്കേണ്ടതുണ്ടെന്നും. ജഡ്ജിമാരെ തെരഞ്ഞെടുക്കുന്നത് ഏറെ ശ്രദ്ധയോടെയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ അംഗങ്ങളായ കൂടൂതൽ പേരെ ജൂഡീഷ്യറിയിലേക്ക് കൊണ്ടുവരണം. ഒരു ജഡ്ജിയെ എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്ന കാര്യം വ്യക്തമാക്കി കൊണ്ടുള്ള റിപ്പോർട്ട് ജനങ്ങൾക്ക് മുന്നിൽ വെയ്ക്കുന്നുണ്ടെന്നും സുപ്രീംകോടതി വെബ്സൈറ്റിൽ കോളീജിയം യോഗങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭ്യമാണെന്നും ഒരു സ്വകാര്യ ചാനൽ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവേ ചന്ദ്രചൂഢ് പറഞ്ഞു
ഇന്റലിജൻസ് റിപ്പോര്‍ട്ട് കൊളീജിയം കുറിപ്പിൽ പരസ്യപ്പെടുത്തിയെന്ന വിമര്‍ശനത്തിനും ഇന്ന് ചീഫ് ജസ്റ്റിസ് മറുപടി നൽകി. ജഡ്ജിയായി തെരഞ്ഞെടുക്കാൻ പേര് നൽകിയ വ്യക്തിയുടെ ലൈംഗീക ആഭിമുഖ്യത്തെക്കുറിച്ചുള്ള വിവരമാണ് കൊളീജിയം കുറിപ്പിൽ ഉൾപ്പെടുത്തിയതെന്നും അത് വ്യക്തിപരമായ വിവരമാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിരമിച്ച ചില ജഡ്ജിമാര്‍ ഇന്ത്യ വിരുദ്ധ സംഘങ്ങളുടെ ഭാഗമായി ജുഡീഷ്യറിയെ പ്രതിപക്ഷ പാര്‍ട്ടിയുടെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണെന്ന് കേന്ദ്ര നിയമ – മന്ത്രി കിരണ്‍ റിജിജ്ജു. അടുത്തിടെ ജഡ്ജിമാരുടെ ഉത്തരവാദിത്തത്തെക്കുറിച്ച് ഒരു സെമിനാര്‍ ഉണ്ടായിരുന്നു. എന്നാല്‍ എങ്ങനെയോ ഭരണനിര്‍വഹണം ജുഡീഷ്യറിയെ എങ്ങനെ ബാധിക്കുന്നുവെന്ന് സെമിനാറായി ഇത് മാറി. പ്രതിപക്ഷ പാര്‍ട്ടികളെപ്പോലെ ജുഡീഷ്യറിയെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യാ വിരുദ്ധ സംഘത്തിന്റെ ഭാഗമായ ആക്ടിവിസ്റ്റുകളായ കുറച്ച് ജഡ്ജിമാരുണ്ടെന്നും മന്ത്രി വിമർശിച്ചു. നിയമ വ്യവസ്ഥ നിഷ്പക്ഷമാണെന്നും കോടതികളെ ഉപയോഗിച്ച് സർക്കാരിനെ നിയന്ത്രിക്കാനുള്ള ചിലരുടെ ശ്രമം വിലപ്പോകില്ലെന്നും മന്ത്രി പറഞ്ഞു.