ഡല്‍ഹിയിലേത് സമ്മേളനം അല്ല ,സമരം തന്നെയാണ്: മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര അവഗണനക്കും, കേരളത്തിന് അര്‍ഹമായ ഫണ്ട് വെട്ടിക്കുറക്കുന്നതിലും, വായ്പ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനും എതിരെ മുഖ്യമന്ത്രിയും സംസ്ഥാന മന്ത്രിമാരും ഡല്‍ഹിയില്‍ നടത്തുന്ന സമരത്തെ സമ്മേളനമായി ചിത്രീകരിക്കുകയാണെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. കേന്ദ്രത്തിനെതിരെ സംസാരിക്കുമ്പോള്‍ ഞങ്ങള്‍ക്ക് മുട്ടു വിറക്കില്ല .ഡല്‍ഹിയിലേത് സമ്മേളനം അല്ല ,സമരം തന്നെയാണ്.അഭിസംബോധന ചെയ്യാന്‍ ദേശീയ നേതാക്കളെ ക്ഷണിച്ചതിനെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചു.ഒറ്റക്ക് പോകാന്‍ അല്ല ആഗ്രഹിച്ചത്.ആദ്യമായി ചര്‍ച്ച ചെയ്തത് യുഡിഎഫുമായിട്ടാണ്.ഒന്നിച്ചു സമരം നടത്തിയാല്‍ എന്താണ് വിഷമം?. സാമ്പത്തിക സ്ഥിതിയില്‍ കേന്ദ്രം പറയുന്ന വാദം പ്രതിപക്ഷം ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡല്‍ഹി സമരത്തില്‍ നിന്നുള്ള പിന്മാറ്റത്തില്‍ യുഡിഎഫ് പുനരാലോചന നടത്തണം.

സര്‍ക്കാരിനെ എങ്ങനെയെല്ലാം ദുര്‍ബലപ്പെടുത്താം എന്നാണ് പ്രതിപക്ഷം ആലോചിക്കുന്നത്.പ്രതിപക്ഷം എല്ലാകാര്യത്തിനും സര്‍ക്കാരിനെ പിന്തുണയ്‌ക്കേണ്ട.വിമര്‍ശിക്കാനും തെറ്റുകള്‍ ചൂണ്ടിക്കാട്ടാനുമുള്ള അവകാശത്തെ മാനിക്കുന്നു.എന്നാല്‍ വാലും തലയുമില്ലാത്ത ആരോപണങ്ങളുമായി അസത്യങ്ങളുടെ ഘോഷയാത്രയുമായി നിങ്ങള്‍ നടത്തുന്ന പടപ്പുറപ്പാട് അത് ആര് തൃപ്തിപ്പെടുത്താന്‍ ഉള്ളതാണെന്ന് നിങ്ങള്‍ തന്നെ ആലോചിക്കെണമെന്നും മുഖ്യമന്ത്രി പറഞ്ഞു

അയോദ്ധ്യ പ്രാണ പ്രതിഷ്ഠ ദിനത്തില്‍ എന്താണ് കോണ്‍ഗ്രസ് ചെയ്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു,.രാഹുല്‍ ഗാന്ധി തന്നെ ക്ഷേത്ര ദര്‍ശനത്തിനാണ് ശ്രമിച്ചത്.തീവ്ര വര്‍ഗീയതയെ മൃദു വര്‍ഗീയത കൊണ്ട് നേരിടാന്‍ ആകില്ല.പ്രധാന മന്ത്രിയെ താന്‍ വണങ്ങിയതിനെ തെറ്റായി വ്യാഖ്യാനിച്ചു.മോദിയെ കാണുമ്പോള്‍ തനിക്ക് മുട്ടു വിറച്ചു എന്നൊക്കെ പ്രചരണം നടക്കുന്നു.

Top