തിരുവനന്തപുരം: നവകേരള സദസിന്റെ ഭാഗമാകാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസര്‍കോട് എത്തും. തുടക്കത്തില്‍ ചുരുക്കം ഉന്നത ഉദ്യോഗസ്ഥര്‍ മാത്രമേ മന്ത്രിമാര്‍ക്ക് ഒപ്പമുണ്ടാകു. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്ന ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗം ചേരുന്ന ദിവസങ്ങളില്‍ മാത്രം പര്യടനത്തിന് ഒപ്പം ചേരാനാണ് ധാരണ. ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി കാസര്‍കോട്ട് മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.
നവകേരള സദസില്‍ നിന്ന് ലഭിക്കുന്ന പരാതികളിലും നിവേദനങ്ങളിലും മറ്റും അവിടെ വെച്ച് തീരുമാനം ഉണ്ടാകില്ല. ജില്ലകളില്‍ കളക്ടറുടെ മേല്‍നോട്ടത്തില്‍ അതാത് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പരാതികള്‍ക്ക് തീര്‍പ്പുണ്ടാക്കും. സംസ്ഥാന തലത്തില്‍ കൈകാര്യം ചെയ്യേണ്ട വിഷയങ്ങള്‍ ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ വകുപ്പ് സെക്രട്ടറിമാര്‍ തീര്‍പ്പാക്കും. പരാതികളിലും മറ്റും അതാത് വേദിയില്‍ മറുപടി പറയാന്‍ മന്ത്രിമാരെ സഹായിക്കാനും ആവശ്യമായ വിവരങ്ങള്‍ കൈമാറുന്നതിനും സംസ്ഥാന തലത്തില്‍ സെല്ലുകളും ഉണ്ട്. നവ കേരള സദസ് തുടങ്ങുന്നതിന് മുന്‍പ് രാവിലെ, മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരിക്കും യോഗം. പര്യടനത്തിന്റെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും പര്യടനത്തില്‍ പൊതുവായി പറയേണ്ട കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനും വേണ്ടിയാണ് യോഗം.
മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലങ്ങളിലേക്ക് എത്തുന്ന നവകേരള സദസ് തുടങ്ങുന്നതോടെ സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായി പ്രത്യേകം തയാറാക്കിയ ബസ് മാറും. നയപരമായ തീരുമാനങ്ങളും ഭരണപരമായ തീരുമാനങ്ങളുമെല്ലാം സഞ്ചരിച്ചു കൊണ്ടായിരിക്കും കൈക്കൊളളുക. മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ പുലര്‍ച്ചയോടെ കാസര്‍കോട്ട് എത്തും. ഇന്ന് വൈകുന്നേരത്തോടെ കണ്ണൂരില്‍ എത്തുന്ന മുഖ്യമന്ത്രി, അവിടെ തങ്ങിയ ശേഷം രാവിലെ കാസര്‍കോട് എത്തിച്ചേരും. മറ്റ് മന്ത്രിമാരും പുലര്‍ച്ചയോടെ കാസര്‍കോട്ട് എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. തുടക്കത്തില്‍ വളരെ അത്യാവശ്യം വേണ്ട ഉന്നത ഉദ്യോഗസ്ഥരെ മന്ത്രിസഭക്ക് ഒപ്പം ഉണ്ടാകു. ചീഫ് സെക്രട്ടറി ഡോ. വി. വേണു മഞ്ചേശ്വരം മണ്ഡലത്തിലെ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങും. പിന്നീട് മന്ത്രിസഭാ യോഗം ചേരുമ്പോള്‍ മാത്രമേ ചീഫ് സെക്രട്ടറി പര്യടനത്തിന് ഒപ്പം ചേരു.