തൊടുപുഴ: കെ എസ് യു പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ കുടുംബസഹായ നിധി മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. അച്ഛൻ രാജേന്ദ്രനും അമ്മ പുഷ്കലക്കും 25 ലക്ഷം രൂപ വീതവും അനുജൻ അദ്വൈതിന്റെ പഠനത്തിന് 10 ലക്ഷം രൂപയുമാണ് നൽകിയത്. ധീരജിനൊപ്പമുണ്ടായിരുന്നതും സംഘർഷത്തിൽ പരുക്കേറ്റതുമായ അമലിനും അഭിജിത്തിനും തുടർ വിദ്യാഭ്യാസത്തിനായി അഞ്ച് ലക്ഷം രൂപ വീതവും കൈമാറി. ചെറുതോണിയില്‍ സ്ഥാപിക്കുന്ന ധീരജ് സ്‌മാരകമന്ദിരത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള പഠനകേന്ദ്രവും ലൈബ്രറയുമായി ഈ കേന്ദ്രം പ്രവര്‍ത്തിക്കും. സിപിഎം ഇടുക്കി ജില്ല കമ്മറ്റി നാലു ദിവസങ്ങളിലായി ഒരു കോടി അൻപത്തിയെട്ടു ലക്ഷം രൂപയാണ് സമാഹരിച്ചത്.
വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥി ആയിരുന്നു ധീരജെന്ന് മുഖ്യമന്ത്രി പറഞ്ഞു. യാതൊരു ദുശീലവും ഇല്ലാത്ത ആളായിരുന്നു. എസ് എഫ് ഐ യുടെ വളർച്ചയുടെ വേഗത കണ്ണാചിപ്പിക്കുന്ന വിധം വര്‍ധിക്കുന്നു. ചില തീവ്രവാദ സംഘടനകൾ സ്വീകരിക്കുന്ന രീതി നമ്മുടെ രാജ്യത്തെ പഴക്കമുള്ള ഒരു പാർട്ടി ഇക്കാലത്തും സ്വീകരിച്ചു. ധീരജിനെ കൃത്യതയോടെയും സൂക്ഷ്മതയോടെയും ആണ് കൊല നടത്തിയത്. ഒറ്റ വെട്ടിൽ മരിക്കാൻ എവിടെ വെട്ടണം എന്ന് പഠിച്ചാണ് ക്രിമിനൽ കൃത്യം നടത്തിയത്. സംഭവം എല്ലാരേയും വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.