തിരുവനന്തപുരം: കളമശ്ശേരി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചു. എല്ലാ പാര്‍ട്ടി പ്രതിനിധികളേയും മുഖ്യമന്ത്രി സര്‍വ്വകക്ഷിയോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് സര്‍വ്വകക്ഷി യോഗം ചേരുക. ഡല്‍ഹിയില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കാനായി പോയ മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചു. വൈകുന്നേരത്തോടെ തിരുവനന്തപുരത്ത് എത്തുമെന്നാണ് വിവരം. തിരുവനന്തപുരത്ത് അദ്ദേഹം മാധ്യമങ്ങളെ കണ്ടേക്കും.
അതേസമയം കളമശ്ശേരിയിലെ ഇന്റലിജന്‍സ് വീഴ്ചയ്ക്ക് ആഭ്യന്തരമന്ത്രി മറുപടി പറയണമെന്ന് കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. ഈ ഗുരുതര വീഴ്ചയിലും ആഭ്യന്തരമന്ത്രി പദവിയിലിരിക്കുന്ന പിണറായി വിജയനെ ന്യായീകരിച്ച് വെളുപ്പിച്ചെടുക്കാന്‍ സിപിഎമ്മിന് വേണ്ടി വ്യാജ നിര്‍മിതികള്‍ ഉണ്ടാക്കുന്ന മാധ്യമ സിംഹങ്ങളും സാംസ്‌കാരിക- സാഹിത്യ ലോകത്തെ ന്യായീകരണ തിലകങ്ങളും ഉടനടി പുറത്തിറങ്ങുമെന്നും അദ്ദേഹം വിമര്‍ശിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന പാലനം തകര്‍ന്നിട്ട് ഏഴുവര്‍ഷങ്ങള്‍ പിന്നിടുന്നു. ബോംബ് സ്‌ഫോടനങ്ങള്‍ കൂടി നടന്നതോടു കൂടി കേരളം ലോകത്തിനു മുമ്പില്‍ തലകുനിക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. സ്വന്തം സുരക്ഷ അടിക്കടി വര്‍ദ്ധിപ്പിക്കുന്ന പിണറായി വിജയന്‍ സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല എന്ന് ഓരോ ദിവസവും വ്യക്തമാകുകയാണ് എന്നും അദ്ദേഹം പറഞ്ഞു.