‘വേണ്ടത് ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രപതിയെ’; മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ സംയുക്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് നിയമസഭയില്‍ സ്വീകരണം ഒരുക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘യശ്വന്ത് സിന്‍ഹയ്ക്ക് നിയമസഭയില്‍ ആവേശകരമായ സ്വീകരണം നല്‍കി. ഭരണഘടനയെ നോക്കുകുത്തിയാക്കുന്ന ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയത്തിനെതിരെ മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരു രാഷ്ട്രപതിയാണ് നമുക്ക് വേണ്ടത്. യശ്വന്ത് സിന്‍ഹയുടെ സ്ഥാനാര്‍ത്ഥിത്വം ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. അദ്ദേഹത്തിനു പിന്തുണ വാഗ്ദാനം ചെയ്യുകയും ഹാര്‍ദ്ദമായ വിജയാശംസകള്‍ നേരുകയും ചെയ്തു.’-മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

യശ്വന്ത് സിന്‍ഹ കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തിയത്. അദ്ദേഹത്തെ സ്വീകരിക്കാന്‍ ഭരണ മുന്നണിയിലെ നേതാക്കള്‍ എത്തിയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ആരോപിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ച് മന്ത്രിമാര്‍ ഉള്‍പ്പെടെ രംഗത്തെത്തി. യശ്വന്ത് സിന്‍ഹയെ സ്വീകരിക്കുന്ന ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു ഭരണകക്ഷി നേതാക്കളുടെ പ്രതിരോധം. ഇതിന് പിന്നാലെയാണ് സിന്‍ഹയ്ക്ക് നിയമസഭയില്‍ സ്വീകരണം നല്‍കിയതിന്റെ ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.

Top