തിരഞ്ഞെടുപ്പിന് ശേഷമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്; ഗെഹ്ലോട്ടിനെതിരെ സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ അശോക് ഗെഹ്ലോട്ട് – സച്ചിന്‍ പൈലറ്റ് പോര് മുറുകുന്നു. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് ഗെഹ്ലോട്ട് നടത്തിയ പ്രസ്താവനയില്‍ അതൃപ്തിയുമായി സച്ചിന്‍ ക്യാമ്പ്. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തുന്ന പ്രിയങ്ക ഗാന്ധിയെ സച്ചിന്‍ അതൃപ്തി അറിയിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളെയും ഗെഹ്ലോട്ടിന്റെ മുഖ്യമന്ത്രി പ്രസ്താവന ബാധിക്കുമെന്നാണ് സൂചന.

ഗെഹ്ലോട്ടിന്റെ വാക്കുകള്‍ക്കെതിരെ സച്ചിന്‍ പൈലറ്റ് ക്യാമ്പ് ശക്തമായി രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. ആ കീഴ്വഴക്കമാണ് ഗെഹ്ലോട്ട് ലംഘിക്കുന്നത്. യുവാക്കള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കണമെന്നും പൈലറ്റ് ക്യാമ്പ് അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിപദത്തില്‍ തുടരുമെന്ന സൂചന നല്‍കുന്ന പ്രസ്താവന നടത്തിയത്. പദവി ഒഴിയാന്‍ ആഗ്രഹിക്കുന്നു, പക്ഷെ ഈ പോസ്റ്റ് എന്നെ വിട്ടുപോകുന്നില്ല, അതൊരിക്കലും എന്നെ കൈവിടില്ലെന്ന് കരുതുന്നുവെന്നായിരുന്നു അശോക് ഗെഹ്ലോട്ടിന്റെ പ്രതികരണം.

അതേസമയം രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി ഇന്ന് എത്തും. ദൗസയില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്യും. സംസ്ഥാനത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സച്ചിന്‍ പൈലറ്റുമായി പ്രിയങ്ക ആശയ വിനിമയം നടത്തും. സംസ്ഥാനത്തെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ ഉണ്ടാകും.

Top